നായകന്‍ നയിച്ചു, സഞ്ജുവിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയല്‍സ്

സൺ‍റൈസേഴ്സിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. സഞ്ജു 57 പന്തിൽ 82 റൺസ് നേടിയപ്പോള്‍ യശസ്വി ജൈസ്വാലും മഹിപാൽ ലോംറോറും ആണ് രാജസ്ഥാന്‍ നിരയിൽ തിളങ്ങിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസാണ് നേടിയത്. എവിന്‍ ലൂയിസിനെ രണ്ടാം ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം സഞ്ജുവും യശസ്വി ജൈസ്വാലും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 55 റൺസാണ് നേടിയത്.

23 പന്തിൽ 36 റൺസാണ് ജൈസ്വാൽ നേടിയത്. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ബിഗ് ഹിറ്റര്‍ ലിയാം ലിവിംഗ്സറ്റണിനെയും നഷ്ടമായതോടെ രാജസ്ഥാന്‍ 10.1 ഓവറിൽ 77/3 എന്ന നിലയിലായി. 41 പന്തിൽ സഞ്ജു സാംസൺ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് കൂടുതൽ അപകടകാരിയായി മാറുന്നതാണ് കണ്ടത്.

അടുത്ത 15 പന്തിൽ 32 റൺസാണ് സഞ്ജു സാംസൺ നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തിലാണ് താരം പുറത്തായത്. അതേ ഓവറിൽ റിയാന്‍ പരാഗിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ ടീം 164 റൺസാണ് നേടിയത്. മഹിപാൽ ലോംറോര്‍ പുറത്താകാതെ 29 റൺസ് നേടി.

അവസാന മൂന്നോവറിൽ വെറും 18 റൺസ് മാത്രം വിട്ട് നല്‍കി സൺറൈസേഴ്സ് ബൗളര്‍മാര്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്.