റുതുരാജ് ടോപ് ക്ലാസ്!!! രാജസ്ഥാനെതിരെ ശതകം നേടി യുവതാരം

റുതുരാജ് ഗായക്വാഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 189 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫിലേക്ക് നേരത്തെ തന്നെ എത്തിയ ചെന്നൈ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിൽക്കണമെങ്കില്‍ ഇന്ന് വിജയം പിടിച്ചെടുത്തേ മതിയാകൂ.

റുതുരാജ് ഗായക്വാഡ് ശതകത്തോടെ ചെന്നൈയ്ക്ക് നല്‍കിയ അടിത്തറയുടെ ബലത്തിൽ മുന്നോട്ട് നീങ്ങിയ ടീം അവസാന ഓവറുകളിൽ തകര്‍ത്തടിയ്ക്കുകയായിരുന്നു. പതിവ് പോലെ റുതുരാജും ഫാഫും ചേര്‍ന്ന് 47 റൺസിന്റെ തുടക്കമാണ് ഒന്നാം വിക്കറ്റിൽ നല്‍കിയത്. 25 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ രാഹുല്‍ തെവാത്തിയയുടെ പന്തിൽ സ്റ്റംപ് ചെയ്ത് സഞ്ജു പുറത്താക്കുകായിരുന്നു.

അധികം വൈകാതെ സുരേഷ് റെയ്‍നയുടെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായെങ്കിലും ഗായക്വാഡും മോയിന്‍ അലിയും ചേര്‍ന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 57 റൺസാണ് മൂന്നാം വിക്കറ്റിൽ മോയിനും റുതുരാജും നേടിയത്. 21 റൺസ് നേടിയ മോയിന്റെ വിക്കറ്റും രാഹുല്‍ തെവാത്തിയയുടെ ഓവറിൽ സാംസൺ സ്റ്റംപ് ചെയ്താണ് നേടിയത്.

അമ്പാട്ടി റായിഡുവിനെ നഷ്ടമാകുമ്പോള്‍ 134/4 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയും റുതുരാജും അടിച്ച് തകര്‍ക്കുകയായിരുന്നു. 15 പന്തിൽ 32 റൺസ് നേടിയ രവീന്ദ്ര ജഡേജ അവസാന ഓവറിലെ നാല് പന്തുകള്‍ നേരിട്ടപ്പോള്‍ റുതുരാജിന് ശതകം നഷ്ടമാകുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സിലെ അവസാന പന്തിൽ സിക്സ് നേടി റുതുരാജ് 60 പന്തിൽ 101 റൺസ് നേടി ചെന്നൈയുടെ സ്കോര്‍ 189/4 എന്ന നിലയിലേക്ക് എത്തിച്ചു.

55 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രാജസ്ഥാന് വേണ്ടി രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടി.