കെഎല്‍ രാഹുലിന്റെ ക്യാച്ച് കൈവിട്ടതിന് കനത്ത വില നല്‍കി സഞ്ജുവും സംഘവും, സിക്സര്‍ മഴയുമായി ദീപക് ഹൂഡ

സഞ്ജു സാംസണിന്റെ ആദ്യ ക്യാപ്റ്റന്‍സി ദൗത്യത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ നേടേണ്ടത് കൂറ്റന്‍ സ്കോര്‍. ഇന്ന് ടോസ് നേടി പഞ്ചാബിനെ ബാറ്റിംഗിനയയ്ച്ച രാജസ്ഥാനെതിരെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ദീപക് ഹൂഡയുടെ അതിവേഗ അര്‍ദ്ധ ശതകവും ക്രിസ് ഗെയിലും നേടിയ അതിവേഗത്തിലുള്ള സ്കോറിംഗ് കൂടിയായപ്പോള്‍ 221 റണ്‍സാണ് പഞ്ചാബ് കിംഗ്സ് നേടിയത്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഈ സ്കോര്‍ പഞ്ചാബ് നേടിയത്.

14 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കി ചേതന്‍ സക്കറിയ തന്റെ അരങ്ങേറ്റ വിക്കറ്റ് നേടിയപ്പോള്‍ പിന്നീട് ക്രിസ് ഗെയിലും രാഹുലും ചേര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ശ്രേയസ്സ് ഗോപാലിന്റെ ഓവറില്‍ സ്റ്റോക്സ് ക്യാച്ച് കൈവിടുമ്പോള്‍ വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്.

രാഹുല്‍ തെവാത്തിയ ക്രിസ് ഗെയിലിന്റെ ക്യാച്ചും കൈവിട്ടുവെങ്കിലും താരത്തിന് അധിക സമയം ക്രീസില്‍ ചെലവഴിക്കുവാനായില്ല. റിയാന്‍ പരാഗിന്റെ ഓവറില്‍ സ്റ്റോക്സ് ഗെയിലിന്റെ ക്യാച്ച് പൂര്‍ത്തിയാക്കുമ്പോള്‍ താരം 28 പന്തില്‍ 40 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ദീപക് ഹൂഡ പിന്നീട് സിക്സര്‍ മഴ പെയ്യിക്കുന്നതാണ് വാങ്കഡേയില്‍ ഏവരും കണ്ടത്.

20 പന്തില്‍ നിന്ന് ഹൂഡ അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ അതില്‍ 6 സിക്സുകളും ഉള്‍പ്പെട്ടിരുന്നു. ഹൂഡയും രാഹുലും ചേര്‍ന്ന് 47 പന്തില്‍ 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ 64 റണ്‍സാണ് ഹൂഡ നേടിയത്. 4 ഫോറും 6 സിക്സുമാണ് താരം നേടിയത്. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ ചേതന്‍ സക്കറിയ മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ നിക്കോളസ് പൂരന്‍ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്തായി.

49 പന്തില്‍ 91 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ ബൗണ്ടറി ലൈനില്‍ മികച്ചൊരു ശ്രമത്തിന് ശേഷം തെവാത്തിയ പിടിച്ച് പുറത്താകുകയായിരുന്നു. ചേതന്‍ സക്കറിയയ്ക്കായിരുന്നു വിക്കറ്റ്. 5 സിക്സാണ് താരം നേടിയത്. അവസാന ഓവറില്‍ രാഹുലിനെയും ജൈ റിച്ചാര്‍ഡ്സണെയും പുറത്താക്കിയ ചേതന്‍ സക്കറിയ തന്റെ കന്നി ഐപിഎല്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി.