അബു ദാബിയില്‍ ഹിറ്റ്മാന്‍ ഷോ, രോഹിത്തിന്റെ മികവാര്‍ന്ന ഇന്നിംഗ്സില്‍ മുംബൈയ്ക്ക് 195 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഐപിഎലിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 195 റണ്‍സ്. രോഹിത് ശര്‍മ്മ – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് നേടിയ 90 റണ്‍സ് കൂട്ടുകെട്ടിന് ശേഷം സൗരഭ് തിവാരി, ഹാര്‍ദ്ദിക് പാണ്ഡ്യ(18) എന്നിവരുടെ പിന്തുണയോടു കൂടിയാണ് രോഹിത് മുംബൈയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

54 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ശിവം മാവിയാണ് പുറത്താക്കിയത്. 3 ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.

Shivammavi

പത്തോവറില്‍ 94/1 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്പിന്നര്‍മാരായ സുനില്‍ നരൈനും കുല്‍ദീപ് യാദവും ഏതാനും ഓവറുകള്‍ റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞുവെങ്കിലും വിക്കറ്റ് നേടുവാന്‍ ഇരുവര്‍ക്കുമായില്ല. നരൈന്‍ എറിഞ്ഞ 11ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ മുംബൈയ്ക്ക് തങ്ങളുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 28 പന്തില്‍ നിന്ന് 47 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

Suryakumaryadav

എട്ടോവറില്‍ 83/1 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് എന്നാല്‍ പിന്നീടുള്ള നാലോവറില്‍ 22 റണ്‍സ് മാത്രമാണ് നേടാനായത്. സ്പിന്നര്‍മാരുടെ വരവോട് കൂടി റണ്‍സ് കണ്ടെത്തുവാന്‍ രോഹിത്തും ബുദ്ധിമുട്ടിയെങ്കിലും താരം 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

പിന്നീടുള്ള ഓവറുകളില്‍ മുംബൈ സ്കോറിംഗ് വേഗത്തിലാകുന്നതാണ് കണ്ടത്. കുല്‍ദീപ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രോഹിത് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് മുംബൈ 17 റണ്‍സാണ് നേടിയത്. തന്റെ ആദ്യ ഓവറില്‍ കണക്കറ്റ് തല്ലുമേടിച്ച പാറ്റ് കമ്മിന്‍സ് രണ്ടാം ഓവര്‍ എറിയുവാനെത്തിയപ്പോള്‍ സൗരവ് തിവാരി സിക്സും ഫോറും നേടുന്നതാണ് കണ്ടത്. ഓവറില്‍ നിന്ന് 15 റണ്‍സ് മുംബൈ നേടി.

അടുത്ത ഓവറില്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ സൗരഭ് തിവാരിയെ സുനില്‍ നരൈന്‍ പുറത്താക്കി. നരൈന്‍ 4 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റാണ് നേടിയത്. രോഹിത് ശര്‍മ്മ പുറത്തായ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ ഹിറ്റ് വിക്കറ്റ് ആയി ആന്‍ഡ്രേ റസ്സലിന് വിക്കറ്റ് നല്‍കി മടങ്ങി.

കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ നിന്ന് ശിവം മാവി 13 റണ്‍സ് വിട്ട് കൊടുത്തതോടെ താരത്തിന്റെ സ്പെല്‍ 4 ഓറില്‍ 32 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ അവസാനിച്ചു.