റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

Sports Correspondent

Rinkusinghsunilnarine

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പിടിച്ചപ്പോള്‍ 208 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായി.

ഓപ്പണര്‍മാരെ രണ്ട് പേരെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 9/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയായിരുന്നു. അവിടെ നിന്ന് നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് നേടിയ 56 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

Shreyasiyer

ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും നിതീഷ് റാണയുടെ വകയായിരുന്നു. 22 പന്തിൽ 42 റൺസ് നേടിയ റാണ ലക്നൗവിന് അപകടം വിതയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റാണയെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയത്.
29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ സ്റ്റോയിനിസ് പുറത്താക്കുമ്പോള്‍ 37 പന്തിൽ 80 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. സാം ബില്ലിംഗ്സും അയ്യരും ചേര്‍ന്ന് 66 റൺസാണ് നേടിയത്.

അധികം വൈകാതെ സാം ബില്ലിംഗ്സും(36) ആന്‍ഡ്രേ റസ്സലും വീണതോടെ കൊല്‍ക്കത്തയുടെ കാര്യം കഷ്ടത്തിലായി. റസ്സലിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

എന്നാൽ പൊരുതാതെ കീഴടങ്ങുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് റിങ്ക സിംഗും സുനിൽ നരൈനും തീരുമാനിച്ചപ്പോള്‍ 18, 19 ഓവറുകളിൽ കൊല്‍ക്കത്ത 17 വീതം റൺസ് നേടി അവസാന ഓവറിലേക്കുള്ള ലക്ഷ്യം 21 ആക്കി കുറച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റിങ്കു സിംഗ് ഒരു ഫോറും രണ്ട് സിക്സും നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ വെറും 5 റൺസായി മാറി. അടുത്ത പന്തിൽ ഒരു ഡബിള്‍ കൂടി നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പന്തിൽ 3 റൺസായി ലക്ഷ്യം മാറിയെങ്കിലും അടുത്ത പന്തിൽ താരം ഔട്ടായി. 15 പന്തിൽ 40 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്. റിങ്കുവിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ലൂയിസ് ആണ് പുറത്താക്കിയത്. സുനിൽ നരൈന്‍ 7 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്ത് നേരിട്ട ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് വിജയം ഒരുക്കി.