ഇനിയുള്ള മത്സരങ്ങളില്‍ പ്രധാന താരങ്ങളുടെ സേവനമുണ്ടാകില്ല, രാജസ്ഥാനു പ്രതിസന്ധി

ഐപിഎലില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന് തിരിച്ചടിയായി പ്രധാന താരങ്ങളുടെ അഭാവമാണ് ഇനിയുള്ള മത്സരങ്ങളിലുണ്ടാകുക. പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ തിരികെ യാത്രയാകുമെന്നതിനാല്‍ മൂന്ന് മുന്‍ നിര താരങ്ങളെയാണ് ടീമിനു നഷ്ടപ്പെടുക. ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ഏപ്രില്‍ 25നു മടങ്ങുമെന്നതാണ് രാജസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.

അതേ സമയം നായകനായി പ്രഖ്യാപിച്ച സ്റ്റീവ് സ്മിത്ത് ടീമില്‍ നിന്ന് മേയ് 1നു തിരികെ പോകും. ഓസ്ട്രേലിയയുടെ ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ വിട വാങ്ങല്‍. അതേ സമയം മേയ് നാലിനു ശേഷമുള്ള രാജസ്ഥാന്റെ ഫിക്സ്ച്ചറുകള്‍ക്കായി ടീമിനു പുതിയ നായകനെ തേടേണ്ടി വരുമോ അതോ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനായി തീരുമാനിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.