ധോണി അടുത്ത വര്‍ഷം ഐപിഎൽ കളിക്കുന്നില്ലെങ്കിൽ താനും കളിക്കില്ലെന്ന് സുരേഷ് റെയ്‍ന

ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ഐപിഎലില്‍ മാത്രമാണ് സജീവമായി കളിക്കുന്നത്. ഈ സീസണോടു കൂടി ഐപിഎലില്‍ താരത്തിന്റെ വിരമിക്കലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താന്‍ ധോണിയെ ഒരു വര്‍ഷം കൂടി ഐപിഎൽ കളിക്കുവാന്‍ സമ്മതിപ്പിച്ചെടുക്കുമെന്നാണ് ചെന്നൈയിൽ ധോണിയുടെ സഹതാരവും ചെന്നൈയുടെ നെടുംതൂണുമായ സുരേഷ് റെയ്‍ന പറയുന്നത്.

ഐപിഎലിൽ ഇനി ധോണി കളിക്കില്ലെന്നാണ് തീരുമാനമെങ്കില്‍ താനും അടുത്ത സീസൺ കളിക്കില്ലെന്നും സുരേഷ് റെയ്‍ന കൂട്ടിചേര്‍ത്തു. സെപ്റ്റംബര്‍ പകുതിയോട് കൂടി യുഎഇയിലാണ് ബാക്കി 31 ഐപിഎൽ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനായി ബിസിസിഐ ആലോചിക്കുന്നത്.