ഇഷാന്ത് പഴയ ഫോമില്‍ തന്നെ നിലവിലും പന്തെറിയുന്നു – റിക്കി പോണ്ടിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2014 മുതല്‍ വെറും 17 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ഇഷാന്ത് ശര്‍മ്മ കളിച്ചിട്ടുള്ളത്. ഐപിഎല്‍ ഒന്നാം സീസണില്‍ വലിയ വില നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് ടീമുകളില്‍ ഇടം പിടിക്കുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ ലേലത്തില്‍ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇപ്പോളും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗമായിട്ടുള്ള താരത്തിനു എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രഭാവമുണ്ടാക്കുവാനായില്ല.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സുമായി ലേല യുദ്ധത്തിനു ശേഷമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇഷാന്തിനെ സ്വന്തമാക്കിയത്. തങ്ങളുടെ യുവ പേസ് നിരയില്‍ അനുഭവ സമ്പത്തുള്ള താരത്തിനെ ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ അന്താരാഷ്ട്ര നിലയില്‍ മികവ് പുലര്‍ത്തുന്ന ട്രെന്റ് ബോള്‍ട്ടും കാഗിസോ റബാഡയും ടീമില്‍ ഉണ്ടെന്നത് ഇഷാന്തിന്റ സാധ്യതകളെ ഇല്ലാതാക്കുമെന്നാണ് കരുതിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഉദ്ഘാടന മത്സരത്തില്‍ താരത്തിനു അവസരം നല്‍കിയ ഡല്‍ഹിയ്ക്ക് വേണ്ടി ഇഷാന്ത് 4 ഓവറില്‍ 34 റണ്‍സിനു 2 വിക്കറ്റാണ് നേടിയത്. അതേ സമയം ട്രെന്റ് ബോള്‍ട്ട് 42 റണ്‍സ് തന്റെ ക്വോട്ടയില്‍ വഴങ്ങുകയും ഒരു വിക്കറ്റ് മാത്രമാണ് നേടുകയും ചെയ്തത്. താരം വളരെ മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നാണ് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്.

ഡല്‍ഹി ക്യാംപില്‍ താരത്തിന്റെ പരിശീലനത്തിലെയും മറ്റു കാര്യങ്ങളിലെയും പങ്കാളിത്തം മികച്ചതാണ്. പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ ഇഷാന്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്ത്. 34 റണ്‍സ് താരം വഴങ്ങിയെങ്കിലും താരം പവര്‍പ്ലേയില്‍ എറിഞ്ഞ മൂന്നോവര്‍ മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായിരിന്നുവെന്നാണ് പോണ്ടിംഗ് പറഞ്ഞത്.

2016നു ശേഷം താരം താരം ഇതുവരെ ഇന്ത്യയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഇഷാന്ത് തന്റെ കരിയറിന്റെ മികവില്‍ പന്തെറിഞ്ഞ അതേ നിലവാരത്തിലാണ് ഇപ്പോളും പന്തെറിയുന്നതെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. കോച്ചെന്ന നിലയില്‍ ഇഷാന്തിന്റെ ആ മൂന്നോവറുകളില്‍ താന്‍ ഏറെ ആഹ്ലാദഭരിതനാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ആ ഓവറുകളാണ് മത്സരം തങ്ങള്‍ക്കായി തിരിച്ചതെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.