രാജസ്ഥാന്റെ രക്ഷയ്ക്കെത്തി ശിവം ഡുബേ – റിയാന്‍ പരാഗ് കൂട്ടുകെട്ട്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി രാഹുല്‍ തെവാത്തിയയും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘടത്തില്‍ 18/3 എന്ന നിലയിലേക്കും പിന്നീട് 43/4 എന്ന നിലയിലേക്കും വീണ രാജസ്ഥാനെ 177 റണ്‍സിലേക്ക് എത്തിച്ച് ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം. നൂറിന് താഴെ റണ്‍സിന് ടീം ഓള്‍ഔട്ട് ആവും എന്ന സ്ഥിതിയില്‍ നിന്ന് ഡുബേ 32 പന്തില്‍ 46 റണ്‍സും തെവാത്തിയ 23 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ റിയാന്‍ പരാഗ് 25 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി.

ജോസ് ബട്ലറെയും(8) ഡേവിഡ് മില്ലറെയും വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് പവര്‍പ്ലേയില്‍ രാജസ്ഥാന് തിരിച്ചടി നല്‍കിയത്. മനന്‍ വോറ(7) വീണ്ടും പരാജയപ്പെട്ടപ്പോള്‍ കൈല്‍ ജാമിസണ്‍ താരത്തെ പുറത്താക്കി. 18/3 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു.

Mohammadsiraj

സഞ്ജു സിക്സര്‍ അടിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെ വരവേറ്റുവെങ്കിലും തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചടിക്കുകയായിരുന്നു. 18 പന്തില്‍ 21 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. 25 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 43/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ രക്ഷയ്ക്കെത്തിയത് ശിവം ഡുബേയും യുവതാരം റിയാന്‍ പരാഗുമായിരുന്നു.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ടീമിന്റെ സ്കോര്‍ നൂറ് കടത്തുവാന്‍ ഇരുവര്‍ക്കുമായി. 37 പന്തില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 16 പന്തില്‍ 25 റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സ്കോര്‍. 109/5 എന്ന നിലയിലായിരുന്നു പരാഗ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

24 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശിവം ഡുബേ സ്കോറിംഗ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ സിറാജ് തന്റെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് രാഹുല്‍ തെവാത്തിയ ഒറ്റയ്ക്കായിരുന്നു രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. ക്രിസ് മോറിസുമായി 37 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ താരം 19ാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. സ്കോര്‍ 170ല്‍ നില്‍ക്കവെ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.