തിരഞ്ഞെടുത്ത കൗണ്ടി ഇലവനുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം കളിക്കുവാനുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ആവശ്യം ഫലം കാണുന്നുവെന്ന് സൂചന. ജൂലൈ 20-22 വരെ ഇന്ത്യ കൗണ്ടി ടീമുകളിൽ നിന്ന് തിരഞ്ഞെടുത്ത ഒരു ഇലവനെതിരെ ത്രിദിന മത്സരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ട് ബോര്‍ഡിനോട് ബിസിസിഐ അധികാരികള്‍ സംസാരിച്ച ശേഷമാണ് ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായത്. എന്നാൽ ആവശ്യത്തിന് സമയമില്ലാത്തതിനാൽ തന്നെ ഒരു മത്സരം മാത്രമേ ഉള്‍പ്പെടുത്താനാകൂ എന്നാണ് അറിയുന്നത്.

ജൂലൈ 21ന് ഇംഗ്ലണ്ട് ബോര്‍ഡ് ദി ഹണ്ട്രെഡ് ആരംഭിക്കുവാനിരിക്കുകയാണ്. അതിനാൽ തന്നെ പല പ്രമുഖ താരങ്ങളും ഈ കൗണ്ടി ഇലവനിൽ കാണില്ല.