ഭാനുക രാജപക്സയ്ക്കെതിരെ ലങ്കന്‍ ബോര്‍ഡിന്റെ നടപടി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഭിമുഖത്തിനായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ ലംഘിയ്ക്കുന്ന നടപടി താരത്തിൽ നിന്നുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഭാനുക രാജപക്സയെ ഒരു വര്‍ഷത്തേക്ക് വിലക്കുകയാണെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു. എന്നാൽ താരത്തിന്റെ വിലക്ക് ഉടനുണ്ടാകില്ലെന്നും താരത്തിന്റെ പ്രവൃത്തിയെ രണ്ട് വര്‍ഷത്തേക്ക് നിരീക്ഷിച്ച ശേഷം ഈ കാലഘട്ടത്തിൽ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടാൽ ഒരു വര്‍ഷത്തെ വിലക്ക് പ്രാബല്യത്തിൽ വരുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇത് കൂടാതെ താരത്തിനെതിരെ 5000 യുഎസ് ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.

ശ്രീലങ്ക ക്രിക്കറ്റ് തന്നോട് മോശം പെരുമാറ്റം നടത്തിയെന്നും തന്നെ ഫിറ്റ്നെസ്സ് കാരണങ്ങളാൽ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും എന്നാൽ യാതൊരുവിധത്തിലുമുള്ള മാനദണ്ഡം ബോര്‍ഡ് പുറത്ത് വിട്ടില്ലെന്നും ഒരു യൂട്യൂബ് ചാനലിന് താരം അഭിമുഖം നല്‍കിയിരുന്നു.

താന്‍ ഗ്ലൗസ് കൈയില്ലേന്തി ഓടിയതിനെതിരെ ഹെഡ് കോച്ച് നടത്തിയ പരാമര്‍ശത്തെക്കുറിച്ചും രാജപക്സ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഈ പെരുമാറ്റം തനിക്ക് വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിൽ വേണ്ടത്ര താല്പര്യമില്ലെന്നതിന്റെ സൂചനയാണെന്നും മുഖ്യ കോച്ച് വ്യക്തമാക്കിയെന്നും താരം ആ അഭിമുഖത്തിൽ പറഞ്ഞു.

താരത്തിന്റെ ഫിറ്റ്നെസ്സും ഡയറ്റും മോശമാണെന്നും മികച്ച ക്രിക്കറ്ററാവാണമെങ്കിൽ ത്യാഗങ്ങള്‍ സഹിക്കണമെന്നും ചോക്ലേറ്റുകള്‍ ഇഷ്ടമാണന്ന് പറഞ്ഞ് ഡയറ്റ് നോക്കാതിരിക്കുന്നത് അനുവദിക്കാനാകില്ലെന്നും അന്ന് മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു. ദേശീയ ടീമില്‍ മോശം ക്രിക്കറ്റര്‍മാരെ നിലനിര്‍ത്തുവാന്‍ താല്പര്യമില്ലെന്നും താരം ആദ്യ റൺ ഓടുന്നത് ജോഗ് ചെയ്താണെന്നും 120 റൺസ് നേടിയ ഒരു താരം അങ്ങനെ ചെയ്താൽ മനസ്സിലാക്കാമെന്നും എന്നാൽ തുടക്കം തന്നെ ഇതാണ് മനോഭാവമെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

എന്നാൽ നിലവിൽ ഫ്യൂച്ചര്‍ ടൂറിനായുള്ള 13 അംഗ സംഘത്തിൽ ഫിറ്റ്നെസ്സ് തെളിയിച്ച രാജപക്സയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംഘം കൊളംബോയിലാണ് പരിശീലനത്തിലേര്‍പ്പെടുന്നത്.