ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അതെ സമയം ഇന്നത്തെ മത്സരം നടക്കുന്ന ധരംശാലയിൽ കനത്ത മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം നടക്കുമോ എന്നതും സംശയമാണ്. കൂടാതെ കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റൊഴിഞ്ഞ് പോയിട്ടുമില്ല.

ന്യൂസിലാൻഡിനെതിരായ പരമ്പരയിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് പാഠം ഉൾകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഫോമിലെത്താൻ കഴിയാതെ പോയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു അവസരം കൂടിയാണിത്. ന്യൂസിലാൻഡിൽ മൂന്ന് ഏകദിന മത്സരങ്ങൾ കളിച്ച വിരാട് കോഹ്‌ലി വെറും 75 റൺസ് മാത്രമാണ് എടുത്തത്.

പരിക്ക് മാറി ഇന്ത്യൻ നിരയിൽ ഓപ്പണർ ശിഖർ ധവാൻ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ, ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കരുത്തരായ ഓസ്ട്രേലിയക്കെതിരെ പരമ്പര ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.