ആവേശപ്പോരിനൊടുവില്‍ ഇന്ത്യയ്ക്ക് വിജയം നല്‍കി ഹാര്‍ദ്ദിക് പാണ്ഡ്യ, പരമ്പരയും സ്വന്തം

Hardikpandya
- Advertisement -

അവസാന ഓവറില്‍ 14 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന ഇന്ത്യയ്ക്കായി രണ്ട് സിക്സറുകള്‍ നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ വിജയം കരസ്ഥമാക്കി ഇന്ത്യ. 36 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക്-ശ്രേയസ്സ് അയ്യര്‍ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹാര്‍ദ്ദിക് 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 5 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 5.2 ഓവറില്‍ 56 റണ്‍സ് നേടിയപ്പോളേക്കും 22 പന്തില്‍ 30 റണ്‍സ് നേടിയ രാഹുലിന്റെ വിക്കറ്റ് ആന്‍ഡ്രേ ടൈ വീഴ്ത്തുകയായിരുന്നു. പിന്നീട് ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂടി നേടി.

Shikhar

ആഡം സംപ 36 പന്തില്‍ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെ മടക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫോം കാണിച്ച സഞ്ജു സാംസണ്‍ ക്രീസിലെത്തി. താരം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വലിയ ഷോട്ടുകള്‍ നേടി തുടങ്ങിയെങ്കിലും 10 പന്തില്‍ 15 റണ്‍സ് നേടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സഞ്ജു പുറത്താകുമ്പോള്‍ ഇന്ത്യ 13.4 ഓവറില്‍ 120/3 എന്ന നിലയിലായിരുന്നു.

പിന്നീട് മികച്ച ഫോമിലുള്ള കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയുടെ ലക്ഷ്യം അവസാന നാലോവറില്‍ 46 റണ്‍സാക്കി മാറ്റിയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നഷ്ടമായതോടെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് പ്രയാസമായി മാറുകയായിരുന്നു. ഡാനിയേല്‍ സാംസിനായിരുന്നു വിക്കറ്റ്. 24 പന്തില്‍ 40 റണ്‍സാണ് കോഹ്‍ലി നേടിയത്. ഓവറില്‍ നിന്ന് 9 റണ്‍സ് മാത്രം പിറന്നപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം മൂന്നോവറില്‍ 37 റണ്‍സായി മാറി.

Danielsams

ആഡം സംപ എറിഞ്ഞ ഓവറില്‍ ഒരു സിക്സും ഫോറും നേടി ശ്രേയസ്സ് അയ്യര്‍ ലക്ഷ്യം രണ്ടോവറില്‍ 25 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചു. ആന്‍ഡ്രൂ ടൈ എറിഞ്ഞ 19ാം ഓവറില്‍ ഹാര്‍ദ്ദിക് രണ്ട് ഫോര്‍ നേടിയപ്പോള്‍ ലക്ഷ്യം 6 പന്തില്‍ 14 റണ്‍സായി മാറി.

Hardikpandya

ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ നേടിയ ഹാര്‍ദ്ദിക് രണ്ടാം പന്ത് സിക്സര്‍ പറത്തി ലക്ഷ്യം നാല് പന്തില്‍ ആറാക്കി മാറ്റി. ഓവറിലെ നാലാം പന്തില്‍ ഒരു സിക്സര്‍ കൂടി നേടി ഇന്ത്യയെ ഹാര്‍ദ്ദിക് ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

Advertisement