ഇന്ത്യുമായുള്ള മത്സരം മാത്രമല്ല പാക്കിസ്ഥാന്റെ ന്യൂസിലാണ്ടുമായുള്ള മത്സരവും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു- ഹസന്‍ അലി

ലോകത്ത് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കഴിവുള്ള ടീമാണ് പാക്കിസ്ഥാന്‍ എന്നും ടി20 ലോകകപ്പിൽ അതിന് സാക്ഷ്യം വഹിക്കുവാന്‍ ക്രിക്കറ്റ് ലോകത്തിന് ആകുമെന്നും പറഞ്ഞ് പേസര്‍ ഹസന്‍ അലി. മികച്ച കോമ്പിനേഷനാണ് ഇത്തവണത്തെ ടീമെന്നും ടീം നൂറ് ശതമാനം കഴിവും പുറത്തെടുത്ത് മികവ് പുലര്‍ത്തുമെന്നുമാണ് തന്റെ വിശ്വാസം എന്നും ഹസന്‍ അലി.

കിരീടം നേടുമെന്ന് താന്‍ പറയുന്നില്ലെങ്കിലും ഓരോ മത്സരത്തിലും മികച്ച പോരാട്ട വീര്യം കാണിക്കുവാന്‍ ടീമിന് സാധിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും ഹസന്‍ അലി പറഞ്ഞു. സൂപ്പര്‍ 12ൽ ഇന്ത്യയ്ക്കെതിരെ ദുബായിയിലും ന്യൂസിലാണ്ടിനെതിരെ അബു ദാബിയിലുമാണ് പാക്കിസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍. ഇന്ത്യ പാക്കിസ്ഥാന്റെ ബദ്ധവൈരികളാണെങ്കിലും ന്യൂസിലാണ്ടിന്റെ പാക് പരമ്പരയിൽ നിന്നുള്ള പിന്മാറ്റം ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തെയും പാക്കിസ്ഥാന്‍ ആരാധകരിൽ ഏറെ ആവേശം സൃഷ്ടിക്കുന്ന ഒന്നായി മാറ്റുന്നുവെന്നാണ് ഹസന്‍ അലി പറഞ്ഞത്.