ലോകകപ്പിനു ശേഷം റിട്ടയര്‍മെന്റ്: ഇമ്രാന്‍ താഹിര്‍

- Advertisement -

ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്ന് തന്റെ റിട്ടയര്‍മെന്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കി ഇമ്രാന്‍ താഹിര്‍. ഇന്നാണ് 39 വയസ്സുകാരന്‍ ലെഗ് സ്പിന്നര്‍ തന്റെ തീരുമാനം വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കുവാനുള്ള സമയം ആയി എന്നാണ് താരം തന്റെ വിരമിക്കലിനു പിന്നിലുള്ള കാരണമായി പറഞ്ഞത്. എന്നാല്‍ താഹിര്‍ താന്‍ തുടര്‍ന്നും ടി20 കളിയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്.

കുറഞ്ഞത് 2020 ടി20 ലോകകപ്പ് വരെ തനിക്ക് കളത്തില്‍ നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് താഹിര്‍ വ്യക്തമാക്കി. ജൂലൈ 31 വരെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ കരാറുള്ള താരത്തിനു പുതിയ ദേശീയ കരാര്‍ ബോര്‍ഡ് നല്‍കിയിരുന്നില്ല. കരാര്‍ അവസാനിച്ച ശേഷം താന്‍ തന്റെ മറ്റു ഫ്രാഞ്ചൈസി ലീഗുകളിലെ ഭാവി തീരുമാനിക്കുമെന്നും താഹിര്‍ പറഞ്ഞു.

ലോകകപ്പ് വരെ തുടരണമെന്ന് ബോര്‍ഡുമായി ഇരുപക്ഷവും അംഗീകരിക്കുന്ന ഒരു ഉടമ്പടിയില്‍ താന്‍ എത്തിയിട്ടുണ്ടെന്നും അതിനാലാണ് തനിക്ക് ജൂലൈ 31 വരെ കരാറുള്ളതെന്നുമാണ് താഹിര്‍ പറഞ്ഞത്. അതിനു ശേഷം ലോകത്ത് എവിടെയും തനിക്ക് ടി20 ലീഗ് കളിക്കുവാന്‍ ദക്ഷിണാഫ്രിക്കയുടെ അനുമതിയുണ്ട് എന്നാലും തനിക്ക് ദേശീയ ടീമിനു വേണ്ടി ടി20 കളിയ്ക്കുന്നത് തുടരണമെന്നാണ് ആഗ്രഹമെന്ന് താഹിര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ 95 ഏകദിനങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരം 156 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 20 ടെസ്റ്റുകളിലും 37 ടി20കളിലും താരം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജഴ്സി അണിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 57 വിക്കറ്റും ടി20യില്‍ 62 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.

Advertisement