വിലക്ക് നീക്കി ഐസിസി, ക്രിക്കറ്റിലേക്ക് സിംബാബ്‍വേ മടങ്ങി വരുന്നു

സിംബാബ്‍വേയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുവാന്‍ തീരുമാനിച്ച് ഐസിസി. ഇന്ന് ദുബായിയില്‍ ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഐസിസിയുടെ ഈ നടപടി. പൂര്‍ണ്ണ അംഗത്വത്തോടെയാണ് സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബോര്‍ഡിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന കാരണത്താല്‍ ജൂലൈ 2019ല്‍ ആണ് ഐസിസി സിംബാബ്‍വേയെ വിലക്കിയത്. സിംബാബ്‍വേയ്ക്കൊപ്പം നേപ്പാളിനെയും തിരികെ അംഗമായി എടുത്തിട്ടുണ്ട്.

2016ലാണ് നേപ്പാളിനെ ഐസിസി വിലക്കിയത്. നേപ്പാളിന്റെ ബോര്‍ഡിലേക്ക് പുതിയ ഇലക്ഷന്‍ നടത്തണമെന്ന ഉപാധിയും ഐസിസി വെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്നും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.