ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് ഐ.സി.സി

- Advertisement -

കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് ഐ.സി.സി. താരങ്ങളുടെ സുരക്ഷ മുൻനിർത്തി മത്സരങ്ങൾ തുടങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഐ.സി.സി പുറത്തുവിട്ടത്. ഈ നിർദ്ദേശങ്ങൾ ഓരോ രാജ്യങ്ങളിലും പ്രാദേശിക, അന്തർദേശീയ മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ളതാണ്.

ഐ.സി.സി നിലവിൽ നൽകിയ നിർദേശങ്ങൾക്ക് പുറമെ ഓരോ ക്രിക്കറ്റ് ബോർഡിന്റെ നിർദേശങ്ങളും ഓരോ രാജ്യത്തെയും സർക്കാരുകൾ നിർദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിൽ വരുത്തണമെന്ന് ഐ.സി.സി വ്യക്തമാക്കി. ദീർഘ കാലമായി പന്ത് എറിയാതിരിക്കുന്ന ബൗളർമാർക്ക് പരിശീലനം പുനരാരംഭിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങളും ഐ.സി.സി പുറപ്പെടുവിച്ചിട്ടുണ്ട്.

ടി20-ഏകദിന മത്സരങ്ങൾക്ക് മുൻപ് 5മുതൽ 6 ആഴ്ച വരെയുള്ള പരിശീലനം താരങ്ങൾക്ക് വേണമെന്നും ഐ.സി.സി നിർദേശിക്കുന്നുണ്ട്. ഇതിൽ അവസാന മൂന്ന് ആഴ്ചകളിൽ മാത്രമാവും മത്സരത്തിന് പന്ത് എരിയുന്ന രീതിയിലുള്ള പരിശീലനം ആരംഭിക്കുക. ഏകദിന മത്സരങ്ങൾക്ക് മുൻപ് 6 ആഴ്ചയും ടെസ്റ്റ് മത്സരങ്ങൾക്ക് രണ്ട് മാസത്തെ തയ്യാറെടുപ്പുകളും വേണമെന്നും ഐ.സി.സി നിർദേശിക്കുന്നുണ്ട്.

കൂടാതെ പരിശീലനം ആരംഭിക്കുന്നതിന് മുൻപ് താരങ്ങൾക്ക് 14 ദിവസത്തെ ക്വറന്റൈൻ നടപ്പാക്കണമെന്നും ഓരോ ക്രിക്കറ്റ് ബോർഡുകളും ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്നും ഐ.സി.സി നിർദേശിച്ചിട്ടുണ്ട്. പരിശീലനവും മത്സരവും നടക്കുന്ന സ്ഥലവും ഡ്രസിങ് റൂമുകളും ഉപയോഗിക്കുന്ന പന്തും ബാറ്റും വൃത്തിയായി സൂക്ഷിക്കണമെന്നും ഐ.സി.സി നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ മത്സരം നിയന്ത്രിക്കുന്ന അമ്പയർ ഗ്ലൗസ് ധരിക്കണമെന്നും ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്.

Advertisement