ഇയാന്‍ ഹോളണ്ടിന് ഹാംഷയറില്‍ പുതിയ കരാര്‍

2022 സീസണ്‍ അവസാനം വരെ ഹാംഷയറില്‍ തുടരുവാനുള്ള കരാര്‍ ഒപ്പുവെച്ച് ഇയാന്‍ ഹോളണ്ട്. 2017ല്‍ വിക്ടോറിയയില്‍ നിന്നാണ് ഹാംഷയറിലേക്ക് 30 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ എത്തുന്നത്. 2020ലെ സീസണില്‍ ഹോളണ്ട് 17 വിക്കറ്റുകളാണ് നേടിയത്. സറേയ്ക്കെതിരെ 60 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

ഹാംഷയറിന്റെ ജൈത്രയാത്രയില്‍ ഭാഗമായി ടീമിനൊപ്പം ട്രോഫികള്‍ വിജയിക്കണമെന്നതാണ് തന്റെ അതിയായ ആഗ്രഹം എന്നും താരം പറഞ്ഞു. ഇയാന്‍ ഹോളണ്ടിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കുവാനായതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് ഹാംഷയര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജൈല്‍സ് വൈറ്റ് പറഞ്ഞു. കഴിഞ്ഞ ഏതാനും സീസണിലായി ടീമിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹോളണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.