ഇത് ചരിത്ര നിമിഷം, പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങി വരുന്നതിനെക്കുറിച്ച് അസ്ഹര്‍ അലി

പാക്കിസ്ഥാനില്‍ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് മടങ്ങി വരുന്നത് ചരിത്ര നിമിഷമാണെന്ന് പറഞ്ഞ് അസ്ഹര്‍ അലി. പത്ത് വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാനുള്ള അവസരം താരങ്ങള്‍ക്ക് ലഭിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് അസുലഭ നിമിഷം തന്നെയാണെന്ന് അസ്ഹര്‍ അലി പറഞ്ഞു.

മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ചാണെന്നത് തങ്ങളെ അലട്ടുന്നില്ലെന്നും അസ്ഹര്‍ കൂട്ടിചേര്‍ത്തു. തങ്ങളുടെ കോച്ചായിരുന്നതിനാല്‍ തന്നെ തങ്ങളുടെ താരങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുള്ളയാളാണ് മിക്കി ആര്‍തര്‍ എന്നിരുന്നാലും ഈ വെല്ലുവിളികളെ അതിജീവിക്കുവാന്‍ തന്റെ ടീമിനാവുമെന്ന് അസ്ഹര്‍ അലി അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് കളിക്കാനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും അവിടുത്തെ താരങ്ങള്‍ക്കും താന്‍ നന്ദി അറിയിക്കുകയാണെന്നും അസ്ഹര്‍ പറഞ്ഞു. അവസാനമായി പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിച്ച ടീമാണ് ശ്രീലങ്ക, അവര്‍ തന്നെ വീണ്ടും എത്തി ടെസ്റ്റ് കളിക്കുന്നു എന്നത് ലോകത്തിന് തന്നെ തങ്ങളെ പിന്തുണയ്ക്കണമെന്ന വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അസ്ഹര്‍ വ്യക്തമാക്കി.