വെടിക്കെട്ട് പ്രകടനവുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഹെറ്റ്മ്യറിനൊപ്പം ശതകം നേടി ഷായി ഹോപും, ആദ്യ ഏകദിനം സ്വന്തമാക്കി വിന്‍ഡീസ്

- Advertisement -

ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുമ്പ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും 106 പന്തില്‍ നിന്ന് 139 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന്റെ വിജയം ഉറപ്പാക്കുവാന്‍ പോന്നതായിരുന്നു. താരം പുറത്താകുമ്പോള്‍ 68 പന്തില്‍ നിന്ന് 59 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. അത് വലിയ ബുദ്ധിമുട്ടില്ലാതെ ഷായി ഹോപും നിക്കോളസ് പൂരനും കൂടി നേടുകയായിരുന്നു. 151 പന്തില്‍ നിന്ന് ഹോപ് 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നിക്കോളസ് പൂരന്‍ 29 റണ്‍സ് നേടി. 47.5 ഓവറിലാണ് വിന്‍ഡീസ് തങ്ങളുടെ 8 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിയത്.

288 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ സുനില്‍ അംബ്രിസിനെ നഷ്ടമായി. 9 റണ്‍സ് നേടിയ താരത്തെ ദീപക് ചഹാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. 218 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ വെടിക്കെട്ട് ബാറ്റിംഗിലേക്ക് ഗിയര്‍ മാറ്റിയ നിമിഷത്തിലാണ് ഷമിയ്ക്ക് വിക്കറ്റ് നേടാനായത്.

Advertisement