രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ഹസന്‍ അലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹസന്‍ അലിയുടെ തകര്‍പ്പന്‍ സ്പെല്ലില്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറും മധ്യ നിരയും തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ കാര്യം തീരുമാനമാക്കി ഷഹീന്‍ അഫ്രീദിയും ഒപ്പം ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് വിജയം. ഇതോടെ പരമ്പര 2-0ന് പാക്കിസ്ഥാന്‍ തൂത്തുവാരി.33 റണ്‍സ് നേടുന്നതിനിടെ 7 വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇതാണ് മത്സരത്തില്‍ ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയത്.

ലഞ്ചിന് പിരിയുമ്പോള്‍ 7 വിക്കറ്റ് കൈവശമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സെഷനില്‍ നിന്ന് 151 റണ്‍സ് മാത്രമായിരുന്നു നേടേണ്ടിയിരുന്നത്. എയ്ഡന്‍ മാര്‍ക്രവും ടെംബ ബാവുമയും മികച്ചൊരു കൂട്ടുകെട്ടുമായി ക്രീസില്‍ നിന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ സാധ്യത നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് ദിവസം തുടങ്ങിയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സനെയും ഫാഫ് ഡു പ്ലെസിയെയും പുറത്താക്കിയ ഹസന്‍ അലി ഒരേ ഓവറില്‍ മാര്‍ക്രത്തെയും ക്വിന്റണ്‍ ഡി കോക്കിനെയും പുറത്താക്കിയപ്പോളേറ്റ പ്രഹരത്തില്‍ നിന്ന് പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് കരകയറുവാന്‍ സാധിച്ചില്ല.

ടെംബ ബാവുമയെ(61) ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേയെ മടക്കി ഹസന്‍ അലി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലും ഹസന്‍ അലി അഞ്ച് വിക്കറ്റ് നേടിയിരുന്നു.

പിന്നീട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ചുരുട്ടിക്കുട്ടുക എന്നത് പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്ക് എളുപ്പമുള്ള കാര്യമായിരുന്നു. ഷഹീന്‍ അഫ്രീദി കേശവ് മഹാരാജിനെയും കാഗിസോ റബാഡയെയും ഒരേ ഓവറില്‍ പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷച്ച നിലയില്‍ നിന്ന് 95 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു റാവല്‍പിണ്ടിയില്‍.

20 റണ്‍സ് നേടിയ വിയാന്‍ മുള്‍ഡറെ പുറത്താക്കി യസീര്‍ ഷാ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് തിരശ്ശീലയിട്ടത്. 274 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്.