ഹാരിസ് സൊഹൈലിന്റെ പിന്മാറ്റം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായതല്ല, കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് – മിസ്ബ

- Advertisement -

പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയത് താരത്തിന് പങ്കെടുക്കുവാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടല്ലെന്നും താരത്തിന്റെ കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാലുമായിരുന്നുവെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. അത്തരം ഒരു സമീപനം താരത്തിന്റെ കുടുംബം എടുത്തതില്‍ ആരെയും തെറ്റ് പറയാനാകില്ലെന്നും മിസ്ബ പറഞ്ഞു.

അവര്‍ക്ക് സ്ഥിതിഗതികളെക്കുറിച്ചുള്ള ഭയം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ താരം സ്വയം എടുത്ത തീരുമാനമല്ലെന്നും കുടുംബത്തിന് വേണ്ടി പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും മിസ്ബ വ്യക്തമാക്കി. ഹാരിസ് ഒഴികെ ബാക്കിയെല്ലാ താരങ്ങളും പരമ്പരയ്ക്ക് സമ്മതിച്ചവരാണെന്നും മിസ്ബ സൂചിപ്പിച്ചു.

മുഹമ്മദ് അമീര്‍ ആണ് പരമ്പരയില്‍ നിന്ന് പിന്മാറിയ മറ്റൊരു താരം. അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും അടുത്ത് തന്നെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്നതിനാലുമാണ് താരം ഭാര്യയോടൊപ്പം നില്‍ക്കുവാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിലെ സ്ഥിതിഗതികള്‍ മെച്ചമായി വരുന്നുവെന്ന വിവരം സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പാക് താരങ്ങള്‍ക്ക് ലഭിയ്ക്കുന്നുണ്ടെന്നും അവര്‍ക്ക് അതില്‍ വിശ്വാസമുള്ളതിനാലുമാണ് ബാക്കിയെല്ലാവരും പരമ്പരയ്ക്ക് തയ്യാറായതെന്നും മിസ്ബ വിശദീകരിച്ചു.

Advertisement