പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് മുഹമ്മദ് ഹഫീസ്, കരാര്‍ ബോര്‍ഡ് ഏതെങ്കിലും യുവതാരത്തിന് നല്‍കണമെന്നും ഹഫീസ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. തനിക്ക് നല്‍കുന്നതിന് പകരം കരാറിന്റെ സുരക്ഷിതത്വം വേറെ ഏതെങ്കിലും യുവ താരത്തിനാണ് നല്‍കേണ്ടതെന്ന് ഹഫീസ് വ്യക്തമാക്കി. പ്രതിമാസം ഒരു ലക്ഷം പാക്കിസ്ഥാനി രൂപ ലഭിയ്ക്കുന്ന കരാറാണ് ബോര്‍ഡ് വെച്ച് നീട്ടിയതെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് മാച്ച് ഫീസും ദിനബത്തയും മാത്രമേ ലഭിയ്ക്കുകയുള്ളു. പ്രതിമാസമുള്ള വേതനം ബോര്‍ഡിനോട് ആവശ്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. തനിക്ക് പകരം ഏതെങ്കിലും യുവ താരത്തിന് കരാര്‍ നല്‍കണമെന്നാണ് ഹഫീസിന്റെ ആവശ്യം. നേരത്തെ സീനിയര്‍ താരങ്ങളായ ഹഫീസും ഷൊയ്ബ് മാലിക്കും കളം ഒഴിഞ്ഞ് യുവ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ പാക് താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Comments are closed.