ഏറെ സങ്കടകരം, എന്നാല്‍ താന്‍ പോസിറ്റീവായി നിലകൊള്ളുന്നു

ജോഫ്ര ആര്‍ച്ചര്‍ രംഗത്തെത്തിയതോടെ ഇംഗ്ലണ്ട് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായ ഡേവിഡ് വില്ലി തനിക്ക് നഷ്ടമായ അവസരത്തില്‍ ഏറെ സങ്കടകരമെന്ന അഭിപ്രായം പങ്കുവെച്ചു. ഇന്ന് ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഡേവിഡ് വില്ലിയുടെ സ്ഥാനമാണ് നഷ്ടമായത്. പാക്കിസ്ഥാന്‍ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും താരത്തിനു ജോഫ്ര ആര്‍ച്ചര്‍ക്ക് വഴി മാറിക്കൊടുക്കേണ്ടി വരികയായിരുന്നു.

2015 ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് ടീമില്‍ എത്തിയ താരം ഇംഗ്ലണ്ട് സംഘത്തിന്റെ പ്രധാന ഘടകം ആയിരുന്നു. 46 ഏകദിനങ്ങളില്‍ നിന്ന് 29 വയസ്സുകാരന്‍ താരം 52 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റാണ് പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ താരം നേടിയത്. ട്വിറ്ററിലൂടെയാണ് താരം തന്റെ വിഷമം മറച്ച് വയ്ക്കാതെ പങ്കുവെച്ചത്.

തന്റെ മകന്റെ നൃത്തം വയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത താരം താന്‍ ദുഖിതനാണെങ്കിലും ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണുന്നുവെന്നാണ് പറഞ്ഞത്. 100 ശതമാനം ടീമംഗങ്ങള്‍ക്കൊപ്പമാണെന്നും വില്ലി പറഞ്ഞു.