പിടി വിട്ട് ഇന്ത്യ, ഇന്ത്യന്‍ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് മാത്യു വെയിഡ്

മൊഹാലിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ടി20 പരമ്പരയിൽ വിജയത്തുടക്കവുമായി ഓസ്ട്രേലിയ. 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ഓസ്ട്രേലിയ പിടിച്ചെടുത്തത്.  ഒരു ഘട്ടത്തിൽ 145/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും 62 റൺസ് ആറാം വിക്കറ്റിൽ നേടി ടിം ഡേവിഡ് – മാത്യു വെയിഡ് കൂട്ടുകെട്ട് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഡേവിഡ് 18 റൺസുമായി അവസാന ഓവറിൽ പുറത്തായപ്പോള്‍ 21 പന്തിൽ 45 റൺസുമായി മാത്യു വെയിഡ് പുറത്താകാതെ നിന്നു.

209 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ചും(22) കാമറൺ ഗ്രീനും മികച്ച തുടക്കമാണ് നൽകിയതെങ്കിലും സ്കോര്‍ 39ൽ നിൽക്കുമ്പോള്‍ ഫിഞ്ചിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 30 പന്തിൽ 61 റൺസ് നേടിയ ഗ്രീനും 24 പന്തിൽ 35 റൺസ് നേടിയ സ്മിത്തിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായെങ്കിലും ഇരുവരും രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിചേര്‍ത്തിരുന്നു.

24 പന്തിൽ 55 റൺസായിരുന്നു മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. ക്രീസിൽ മാത്യു വെയിഡും ടിം ഡേവിഡും നിൽക്കുന്നത് ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി.

ഭുവനേശ്വര്‍ കുമാര്‍ എറ‍ിഞ്ഞ 17ാം ഓവറിൽ 15 റൺസ് വന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ലക്ഷ്യം 18 പന്തിൽ 40 റൺസായിരുന്നു. മാത്യു വെയിഡ് അടുത്ത ഓവര്‍ എറിഞ്ഞ ഹര്‍ഷൽ പട്ടേലിനെ രണ്ട് സിക്സറുകള്‍ പായിച്ചപ്പോള്‍ ടിം ഡേവിഡ് ഒരു സിക്സ് നേടി. ഓവറിൽ നിന്ന് 22 റൺസ് പിറന്നപ്പോള്‍ രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് നേടേണ്ടത് വെറും 18 റൺസായിരുന്നു.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റാണ് നേടിയത്.