ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 145 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി എസ്സെക്സ കിരീടം ഉയര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സെന്ന വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയ ശേഷം സൈമണ്‍ ഹാര്‍മര്‍ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചു.

ടീം ക്യാപ്റ്റനായ സൈമണ്‍ ഹാര്‍മര്‍ ആണ് കളിയിലെ താരം. ബൗളിംഗില്‍ 16 റണ്‍സ് വിട്ട് നല്‍കിയ നാലോവറില്‍ നിന്ന് 3 വിക്കറ്റ് നേടിയ ഹാര്‍മര്‍ ബാറ്റിംഗില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 22 പന്തില്‍ പുറത്താകാതെ നിന്ന് 36 റണ്‍സ് നേടി രവി ബൊപ്പാരയും 36 റണ്‍സ് നേടിയ ടോം വെസ്റ്റിലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വോര്‍സെസ്റ്റര്‍ഷയറിനായി വെയിന്‍ പാര്‍ണലും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയറിന് വേണ്ടി റിക്കി വെസ്സല്‍സ്(31), മോയിന്‍ അലി(32) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത് സൈമര്‍ ഹാര്‍മര്‍ മൂന്നും ഡാനിയേല്‍ ലോറന്‍സ്, രവി ബൊപ്പാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി എസ്സെക്സ് ബൗളിംഗില്‍ തിളങ്ങി.