റഷീദ് ഖാന് ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍, ഫൈനലിന് മുമ്പ് അഫ്ഗാനിസ്ഥാന് പ്രതിസന്ധി

ബംഗ്ലാദേശിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ടി20 മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍ നായകന്‍ റഷീദ് ഖാന് ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ ഉടലെടുത്തിയിരുന്നു. പേശി വലിവ് അലട്ടിയ താരം ഇന്നിംഗ്സിന്റെ എട്ടാം ഓവറില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് മടങ്ങിയെങ്കിലും നാല് ഓവറുകള്‍ക്ക് ശേഷം മടങ്ങിയെത്തി. മടങ്ങിയെത്തിയ ശേഷം രണ്ട് വിക്കറ്റുകള്‍ താരം നേടിയെങ്കിലും റഷീദ് ഖാന്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോയത്. ഇപ്പോള്‍ ഫൈനലില്‍ താരം കളിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

റഷീദ് ഖാന്‍ പങ്കെടുക്കുമെന്ന് ഉറപ്പ് പറയാതിരുന്ന ടീം മാനേജര്‍ നസീം ജാര്‍ അബ്ദുര്‍ റഹിം സായി താരം ഫിറ്റ് ആയി തിരികെ എത്തുമെന്ന് ടീം പ്രതീക്ഷ പുലര്‍ത്തുന്നതായി പറഞ്ഞു. താരം ഫൈനലിനുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കില്‍ ടീം പ്രത്യാശ കൈവിടാതെ ഇരിക്കുകയാണെന്ന് നസീം പറഞ്ഞു. രണ്ട് മൂന്ന് ദിവസം ഫൈനലിന് മുമ്പ് ഉണ്ടെന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ടീമിന്റെ ക്യാപ്റ്റനും പ്രധാന താരവുമായ റഷീദില്ലാതെ അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ കളിക്കേണ്ടി വന്നാല്‍ ടീമിന്റെ സാധ്യതകളെ അത് വല്ലാതെ ബാധിക്കും. ടൂര്‍ണ്ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ എന്നാല്‍ അവസാന രണ്ട് മത്സരങ്ങളിലും പിന്നില്‍ പോയിരുന്നു. സെപ്റ്റംബര്‍ 24ന് ധാക്കയിലാണ് ഫൈനല്‍ അരങ്ങേറുന്നത്.