ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുക്കുക പ്രയാസകരം: ഓയിന്‍ മോര്‍ഗന്‍

- Advertisement -

ലോക ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനു ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കല്‍ തലവേദനയായി തീരുമെന്ന് അഭിപ്രായപ്പെട്ട് ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍. വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പാണ് ടീം തിരഞ്ഞെടുപ്പ് പ്രയാസകരമാകുമെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെടുന്നു. സ്ക്വാഡില്‍ ഇടം നേടുവാന്‍ യോഗ്യരായ 17-18 താരങ്ങളാണ് പട്ടികയിലുള്ളത്. അതിനാല്‍ തന്നെ മൂന്ന് നാല് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ട് കളിക്കുന്ന 11 മത്സരങ്ങള്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് മോര്‍ഗന്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ട് വിന്‍ഡീസിനെതിരെ കളിക്കുന്ന പരമ്പര വിവിധ സാഹചര്യങ്ങളുമായി ഒത്തുപോകുന്നതിനു സഹായകരമായ കാര്യമാണെന്നാണ് താരം അഭിപ്രായപ്പെട്ടത്. വിന്‍ഡീസിലെ സാഹചര്യങ്ങള്‍ വളരെ വ്യത്യാസമുള്ളതാണ്. ഞങ്ങളുടെ പ്രതിസന്ധിയിലെ പ്രകടനം അളക്കുവാനുള്ള സാഹചര്യമാണ് ഇതെന്നും മോര്‍ഗന്‍ കൂട്ടിചേര്‍ത്തു.

ഈ പരമ്പരയ്ക്കുള്ള ടീമാണ് ലോകകപ്പിനു പോകുന്നതെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും പേസര്‍മാര്‍ പരിക്കിനു വിധേയരാകുവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ടീം ഇതാകുമോ എന്നത് ഉറപ്പിച്ച് പറയാനുമാകില്ല. പരിക്ക് അലട്ടില്ലെങ്കില്‍ ഇത് തന്നെയാണ് ഞങ്ങളുടെ ലോകകപ്പ് സ്ക്വാഡ്. പ്രയാസകരമായ തീരുമാനമാവും ഏപ്രില്‍ 23നു മുമ്പ് ടീം പ്രഖ്യാപനത്തില്‍ നടത്തേണ്ടി വരികയെന്നും മോര്‍ഗന്‍ പറഞ്ഞു.

Advertisement