കാലിടറി ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി ആതിഥേയര്‍

- Advertisement -

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആധികാരിക ജയം നേടി ഇംഗ്ലണ്ട്. 86 റണ്‍സിനു ഇന്ത്യയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ ശതകത്തിന്റെയും ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് വില്ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെയും പിന്‍ബലത്തില്‍ 322/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയ്ക്ക് 50 ഓവറില്‍ 236 റണ്‍സിനു ഓള്‍ഔട്ട് ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ ആദ്യമേ നഷ്ടമായി. ശിഖര്‍ ധവാന്‍(36), വിരാട് കോഹ്‍ലി(45), സുരേഷ് റെയ്‍ന(46) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൂറ്റന്‍ സ്കോറിലേക്ക് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എംഎസ് ധോണി 37 റണ്‍സ് നേടിയെങ്കിലും ഏറെ പന്തുകള്‍ ഉപയോഗപ്പെടുത്തിയതും ടീമിന്റെ സ്കോറിംഗ് ഗതിയെ ബാധിച്ചു. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് നാലും ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. മാര്‍ക്ക് വുഡ്, മോയിന്‍ അലി എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement