ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വിന്‍ഡീസ്, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച വിജയം നേടി ഇംഗ്ലണ്ട്. 399 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ 129 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇംഗ്ലണ്ട് 269 റണ്‍സിന്റെവിജയം കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 5 വിക്കറ്റ് നേടി ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 500ാം ടെസ്റ്റ് വിക്കറ്റ് ഉള്‍പ്പെടെ 4വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റുവര്‍ട് ബ്രോഡ് നേടിയത്.

മത്സരത്തിന്റെ നാലാം ദിവസം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും അഞ്ചാം ദിവസം രണ്ട് തവണ മഴ വില്ലനായി വന്ന ശേഷവുമാണ് ഇംഗ്ലണ്ടിന്റെ വിജയം. വിന്‍ഡീസ് നിരയില്‍ 31 റണ്‍സുമായി ഷായി ഹോപ് ടോപ് സ്കോറര്‍ ആയി. 23 റണ്‍സ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് പുറത്തായതോടെയാണ് വിന്‍ഡീസ് ചെറുത്ത്നില്പ് അവസാനിച്ചത്. മത്സരത്തില്‍ ബ്രോഡ് 10 വിക്കറ്റാണ് നേടിയത്.