രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടം, മികച്ച ഫോം തുടര്‍ന്ന് റോറി ബേൺസിന്റെ അര്‍ദ്ധ ശതകം

Roryburns
- Advertisement -

വിക്കറ്റ് നഷ്ടമില്ലാത്ത ആദ്യ സെഷന് ശേഷം രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റിൽ 72 റൺസ് ഓപ്പണര്‍മാര്‍ നേടിയ ശേഷം ഡൊമിനിക് സിബ്ലേയെ(35) ആണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്‍റിയാണ് വിക്കറ്റ് വീഴ്ത്തിയത്.

തൊട്ടടുത്ത ഓവറിൽ നീൽ വാഗ്നര്‍ സാക്ക് ക്രോളിയെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ 72/0 എന്ന നിലയിൽ നിന്ന് 73/2 എന്ന നിലയിലേക്കും പിന്നീട് ജോ റൂട്ടിനെ(4) പുറത്താക്കി മാറ്റ് ഹെന്‍റി തന്റെ രണ്ടാം വിക്കറ്റും നേടുകയായിരുന്നു.

പിന്നീട് നാലാം വിക്കറ്റിൽ റോറി ബേൺസും ഒല്ലി പോപും ചേര്‍ന്ന് 42 റണ്‍സ് നേടി രണ്ടാം സെഷനിൽ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ അജാസ് പട്ടേൽ 19 റൺസ് നേടിയ പോപിനെ പുറത്താക്കി ഇംഗ്ലണ്ടിന് നാലാമത്തെ പ്രഹരം നല്‍കി.

രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 152/4 എന്ന നിലയിലാണ്. 73 റൺസുമായി റോറി ബേൺസും 11 റൺസ് നേടി ഡാനിയേൽ ലോറൻസുമാണ് ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 25 റൺസാണ് ഇതുവരെ നേടിയത്.

Advertisement