യോര്‍ക്ക്ഷയറുമായി നാല് വര്‍ഷത്തെ കരാറിലൊപ്പിട്ട് ഡൊമിനിക് ബെസ്സ്

ഈ സീസണ്‍ അവസാനം സോമര്‍സെറ്റില്‍ നിന്ന് വിട വാങ്ങുന്ന ഇംഗ്ലണ്ട് ടെസ്റ്റ് താരം ഡൊമിനിക് ബെസ്സിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍. കൗണ്ടി ക്ലബ്ബുമായി 4 വര്‍ഷത്തെ കരാറാണ് താരം ഒപ്പിടുന്നത്. സോമര്‍സെറ്റിനായി 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 79 വിക്കറ്റുകളും 757 റണ്‍സും നേടുകയുണ്ടായി. ഈ പ്രകടനം താരത്തിന് ഇംഗ്ലണ്ട് ടീമില്‍ ഇടം നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ യോര്‍ക്ക്ഷയറില്‍ ഒരു മാസത്തെ ലോണില്‍ താരം കളിച്ചിരുന്നു. ഇത് തനിക്ക് കൗണ്ടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിച്ചുവെന്നും ഡൊമിനിക് ബെസ്സ് വ്യക്തമാക്കി. തനിക്ക് യോര്‍ക്ക്ഷയറില്‍ ലഭിയ്ക്കുന്ന അവസരങ്ങള്‍ മുതലാക്കി തനിക്ക് മികവ് പുലര്‍ത്താനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ കളിക്കുവാനുള്ള തുണയായി അത് മാറുമെന്നും ബെസ്സ് പ്രത്യാശ പ്രകടിപ്പിച്ചു.