ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്‍-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. നവീന്‍-ഉള്‍-ഹക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ കെവിന്‍ സിന്‍ക്ലയര്‍ ഗയാനയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടി. ബാര്‍ബഡോസ് നിരയില്‍ 36 റണ്‍സ് നേടിയ മിച്ചല്‍ സാന്റനര്‍ ആണ് ടോപ് സ്കോറര്‍.

9/4 എന്ന നിലയിലേക്കും പിന്നീട് 27/8 എന്ന നിലയിലേക്കും വീണ ടീമിനെ ഒമ്പതാം വിക്കറ്റിലെ സാന്റനര്‍-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് സ്കോറിന് മാന്യത പകര്‍ന്ന് സഹായിച്ചത്. 48 റണ്‍സാണ് ഇരുവരും നേടിയത്. 19 റണ്‍സ് നേടി റഷീദ് ഖാന്‍ പുറത്തായപ്പോള്‍ സാന്റനര്‍ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. ഹെയ്ഡന്‍ വാല്‍ഷിന് 12 റണ്‍സ് നേടാനായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് 51 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 18 റണ്‍സുമായി നിക്കോളസ് പൂരനും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയായിരുന്നു ഗയാനയുടെ വിജയം.