ഡിഎല്‍എസ് സ്കോര്‍ കണക്കാക്കുന്നതില്‍ പിഴവ്, മത്സരത്തിനിടെ ബംഗ്ലാദേശിന്റെ ലക്ഷ്യം പുനഃക്രമീകരിച്ചു

Bangladeshnz

ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള ഇന്നത്തെ രണ്ടാമത്തെ ടി20യില്‍ ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരമുള്ള സ്കോര്‍ കണക്കാക്കുന്നതില്‍ പിഴവ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കീവിസ് 173/5 എന്ന നിലയില്‍ 17.5 ഓവറില്‍ ബാറ്റ് ചെയ്യുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

പിന്നീട് ന്യൂസിലാണ്ട് ഇന്നിംഗ്സ് തുടരാനാകാതെ വന്നപ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ലക്ഷ്യം ആദ്യം 148 റണ്‍സെന്നാണ് ഏവരും കരുതിയതെങ്കിലും ഔദ്യോഗികമായി ഒരു അറിയിപ്പ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബംഗ്ലാദേശ് ഇന്നിംഗ്സ് 1.3 ഓവറിലെത്തി നില്‍ക്കുമ്പോള്‍ അമ്പയര്‍മാര്‍ കളി നിര്‍ത്തി വെച്ച് ലക്ഷ്യം എത്രയാണെന്ന് ആരായുകയായിരുന്നു. 170 റണ്‍സായിരുന്നു ആ ഘട്ടത്തില്‍ ബംഗ്ലാദേശ് 16 ഓവറില്‍ നിന്ന് നേടേണ്ടിയിരുന്നത്.

ഇന്നിംഗ്സ് പുരോഗമിച്ച് 14.1 ഓവറിലെത്തിയപ്പോള്‍ 170ന് പകരം ലക്ഷ്യം 16 ഓവറില്‍ 171 ആയി പുനഃക്രമീകരിച്ചു. ബംഗ്ലാദേശിന് 142/7 എന്ന സ്കോറാണ് നേടാനായത്. ഇതോടെ 28 റണ്‍സിന്റെ തോല്‍വി ടീം ഏറ്റുവാങ്ങി.