അന്ന് തങ്ങളെ രക്ഷിച്ചത് ദില്‍ഷന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു സംഭവം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ അന്ന് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണം നടന്നത് ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇന്നത്തെ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സും ഉപ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസും അന്ന് ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫുകളായിരുന്നു. മാര്‍ച്ച് 3 2009ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് 12 തോക്കുധാരികളാണ് ശ്രീലങ്കന്‍ ടീമിന്റെ ബസ്സിനു നേരെ നിറയൊഴിച്ചത്.

ആറ് പോലീസുകാരും മാച്ച് ഒഫീഷ്യലുകളുടെ ഡ്രൈവറും അന്നത്തെ ആക്രമണത്തില്‍ മരിച്ച് വീഴുകയായിരുന്നു. റൈഫിലുകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമായാണ് അന്ന് ആ തീവ്രവാദികള്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇന്ന് ആ സംഭവം ഓര്‍ത്തെടുത്ത് ട്രെവര്‍ ബെയില്ലിസ് പറയുകയായിരുന്നു. തലവേദനയായിരുന്നതിനാല്‍ താന്‍ പാതി മയക്കത്തിലായിരുന്നുവെന്നും ഒരു പൊട്ടിത്തെറി കേട്ടാണ് താന്‍ ഉണരുന്നതെന്നുമാണ് ബെയിലിസ്സ് പറഞ്ഞത്. ബസ്സില്‍ പലരുടെ ദേഹത്തും ഗ്രനേഡിന്റെ ചിന്തുകള്‍ തറച്ചിരുന്നുവെന്നും ഫാര്‍ബ്രേസിന്റെ കൈയ്യിലും അത്തരത്തില്‍ വസ്തുക്കള്‍ തറച്ചത് തന്റെ ശ്രദ്ധയില്‍ പെട്ടുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തങ്ങളുടെ സംഘത്തില്‍ ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും ആറ് പോലീസുകാരും ഒരു ഡ്രൈവറും സംഭവത്തില്‍ മരിച്ചത് ഏറെ ദുഖകരമായ അവസ്ഥയായിരുന്നു. ഗ്രൗണ്ടിലെത്തിയ ശേഷം ആദ്യ സ്ഥിതിയില്‍ നിന്ന് ഏറെ സുരക്ഷിതരായി തങ്ങള്‍ക്ക് തോന്നിയെങ്കിലും ഏവരും മറ്റുള്ളവരുടെ മുറിവുകളെക്കുറിച്ച് അന്വേഷി്ക്കുന്ന തിരക്കായിരുന്നു. പാക്കിസ്ഥാന്‍ അധികാരികള്‍ പിന്നീട് എത്തിയപ്പോള്‍ തന്നെ പല താരങ്ങളും ദേഷ്യത്തോടെയാണ് അവരെ വരവേറ്റതെന്നും ട്രെവര്‍ ബെയിലിസ്സ് ഓര്‍ത്തു പറഞ്ഞു.

അന്നത്തെ ശ്രീലങ്കന്‍ ടീമിലെ അംഗങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ശ്രീലങ്കയില്‍ അന്ന് ആഭ്യന്തര കലഹത്തിന്റെ നാളുകളായിരുന്നു. അതിനാല്‍ തന്നെ അവര്‍ ബസ്സില്‍ തന്നെ തറയില്‍ കുനിഞ്ഞിരിക്കുകയായിരുന്നുവെന്ന് ബെയിലിസ്സ് പറഞ്ഞു.

തന്നോട് മറ്റുള്ളവര്‍ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരത്തിലാണ് ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ചെയ്യേണ്ടതെന്ന് പോലും തനിക്ക് മനസ്സിലാകുന്നതെന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു. ഗ്രനേഡില്‍ നിന്നുള്ള പരിക്കും ചോരയില്‍ കുളിച്ച് നിന്ന താരങ്ങള്‍ക്കിടയിലും ഏവരും നിശബ്ദരായി ഇരിക്കുമ്പോള്‍ ബസ്സ് ഡ്രൈവറുടെ തൊട്ട് പുറകെയുണ്ടായിരുന്ന ദില്‍ഷന്‍ ഡ്രൈവറോട് വണ്ടി റിവേഴ്സ് ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് മാത്രമാണ് അപ്പോള്‍ ബസ്സില്‍ മുഴങ്ങിയിരുന്നതെന്ന് ബെയിലിസ്സ് പറഞ്ഞു. ബസ്സില്‍ വന്ന് പതിക്കുന്ന ബുള്ളറ്റുകളുടെ ശബ്ദം വ്യക്തമായി കേള്‍ക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ ഞങ്ങളെ ആക്രമിക്കുന്നത് തുടരുകയായിരുന്നുവെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞ ഫാര്‍ബ്രേസ് ദില്‍ഷന്റെ ഇടപെടലിനെ വാനോളം പുകഴ്ത്തുകയായിരുന്നു.

ഡ്രൈവര്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സ്റ്റിയറിംഗിനു കീഴിലിരുന്ന ബസ്സ് നിയന്ത്രിച്ചപ്പോള്‍ ദില്‍ഷനാണ് അപകടത്തെ വകവയ്ക്കാതെ തലയുയര്‍ത്തി ബസ്സിന്റെ ദിശ നിശ്ചയിക്കുവാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഞങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചതിനു ഡ്രൈവറെ ഏവരും പ്രശംസിച്ചിരുന്നു പിന്നീട്, അദ്ദേഹം തീര്‍ച്ചയായും അതിനു അര്‍ഹനാണ്, അത് പോലെ തന്നെ അന്ന് ദില്‍ഷനും ഞങ്ങളെ പോലെ അവിടെ നിശബ്ദനായി കിടന്നിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളിലാരും രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും തനിക്ക് തോന്നുന്നു എന്ന് പോള്‍ ഫാര്‍ബ്രേസ് പറഞ്ഞു.

ആംബുലന്‍സില്‍ തങ്ങളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ തുനിഞ്ഞുവെങ്കിലും ഞങ്ങളാരും തന്നെ അതിനു തയ്യാറായിരുന്നില്ല. അതേ സമയം പരിക്ക് ഗുരുതരമായായിരുന്നു തിലന്‍ സമരവീരയെയും തരംഗ പരണവിതാനയെയും മാറ്റാതെ വേറെ നിവൃത്തിയില്ലാത്തതിനാല്‍ അധികാരികള്‍ അവരെ ആംബുലന്‍സില്‍ തന്നെ നീക്കം ചെയ്തു.

ഇവര്‍ പോയ ശേഷം ടീവിയില്‍ ആംബുലന്‍സ് തകര്‍ന്ന ചിത്രങ്ങള്‍ എത്തിയപ്പോള്‍ താരങ്ങള്‍ കണ്ടപ്പോള്‍ പലരും തകരുന്ന കാഴ്ചയായിരുന്നു കാരണം നമ്മുടെ താരങ്ങള്‍ ആശുപത്രിയിലേക്ക് യാത്രയായ ആംബുലന്‍സ് ആണ് അതെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് ഇത് വേറെ ആംബുലന്‍സ് ആയിരുന്നവെന്ന് സ്ഥിതീകരിക്കപ്പെടുകയായിരുന്നു. അത് ഏറെ ആശ്വാസം പകരുന്ന കാഴ്ചയായിരുന്നു.

മാച്ച് ഒഫീഷ്യലുകളുടെ സ്ഥിതിയായിരുന്നു കൂടുതല്‍ അപകടകരമെന്നും മാച്ച് റഫറി ക്രിസ് ബ്രോഡ് ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച ഇന്നും തനിക്ക് ഓര്‍മ്മയുണ്ടെന്ന് പോള്‍ പറഞ്ഞു. അവരുടെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. അവരുടെ വാഹനം ചെറിയതായിരുന്നതിനാല്‍ തന്നെ നാലാം ഒഫീഷ്യല്‍ അഹ്സാന്‍ റാസയ്ക്ക് വെടിയും കൊണ്ടു. ഡ്രൈവര്‍ മരിച്ചതിനാല്‍ ഒരു പോലീസുകാരന്‍ ആ വാനിലുള്ളിലെത്തിയാണ് അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി അവരുടെ ജീവന്‍ രക്ഷിച്ചതെന്ന് പിന്നീടാണ് അറിയുവാന്‍ കഴിഞ്ഞത്.