ഇന്ത്യൻ ടീമിൽ നിന്ന് ആഷിഖ് കുരുണിയൻ പുറത്ത്

- Advertisement -

അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിൽ നിന്ന് ആഷിഖ് കുരുണിയൻ പുറത്ത്. പരിക്ക് കാരണമാണ് ആഷിഖ് പുറത്തായത് എന്നാണ് വിവരം ലഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 37 അംഗ സാധ്യതാ ടീമിൽ പെട്ട മൂന്ന് മലയാളി താരങ്ങളിൽ ഒന്നായിരുന്നു ആഷിഖ് കുരുണിയൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ അണ്ടർ 23 ക്യാമ്പ് ആരംഭിച്ചിരുന്നു.

ആഷിഖിനെ കൂടാതെ ഹിതേഷ് ഷർമ്മ, ജെറി എന്നിവരും ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. ചിക്കൻ പോക്സ് കാരണമാണ് ഹിതേഷ് ടീമിൽ നിന്ന് പുറത്തായിരിക്കുന്നത്. ആഷിഖിനും ജെറിക്കും പരിക്കുമാണ് കാരണം. മൂന്ന് പേർക്കും പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീസണിൽ പൂനെ സിറ്റിക്കായി മികച്ച കളി പുറത്തെടുത്ത് ആഷിഖ് ഏഷ്യൻ കപ്പിലും മികച്ച പ്രകടനം ഇന്ത്യക്കായി നടത്തിയിരുന്നു. അണ്ടർ 23 യോഗ്യത റൗണ്ടിൽ ആഷിഖ് ഇന്ത്യൻ യുവനിരയെ നയിക്കും എന്ന് കരുതിയ അവസരത്തിലാണ് ടീം വിടേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

ആഷിഖിനെ കൂടാതെ മലയാളി താരങ്ങളായ രാഹുൽ കെ പിയും സഹൽ അബ്ദുൽ സമദും ടീമിൽ ഉണ്ട്. ഇരുവരും ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ട്.

Advertisement