ധോണിക്ക് ഇന്ന് 39ാ൦ ജന്മദിനം, ആശംസകളുമായി ക്രിക്കറ്റ് ലോകം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 39ാ൦ ജന്മദിനം. ഇന്ത്യക്ക് രണ്ടു തവണ ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റൻ കൂടിയാണ് റാഞ്ചിക്കാരനായ മഹേന്ദ്ര സിംഗ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് സ്വന്തമാക്കിയത്.

3 ഐ.സി.സി കിരീടങ്ങൾ സ്വന്തമാക്കിയ ഏക നായകൻ എന്ന നേട്ടവും മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഉള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ കൂടെയും ഐ.പി.എൽ കിരീടങ്ങൾ നേടാൻ ധോണിക്കായിട്ടുണ്ട്. അതെ സമയം ഏകദേശം ഒരു വർഷം മുൻപ് നടന്ന ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇതുവരെ ഒരു ക്രിക്കറ്റ് മത്സരവും കളിച്ചിട്ടില്ല.

ധോണിയുടെ ജന്മദിനത്തിൽ താരത്തിന് ആശംസകളുമായി പല ഇന്ത്യൻ താരങ്ങളും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന, ഇന്ത്യൻ താരങ്ങളായ ഹർദിക് പാണ്ഡ്യാ, കുൽദീപ് യാദവ്, മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ തുടങ്ങി പല പ്രമുഖരും ധോണിക്ക് ആശംസകൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു.