ഡി കോക്കിനെ ടെസ്റ്റ് ക്യാപ്റ്റനാക്കില്ലെന്ന് ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ക്വിന്റണ്‍ ഡി കോക്കിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കുവാനില്ലെന്ന് അറിയിച്ച് പുതുതായി ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ചുമതലയേറ്റ ഗ്രെയിം സ്മിത്ത്. ഫാഫ് ഡു പ്ലെസി കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിഞ്ഞ പദവിയിലേക്ക് ആരെ എത്തിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്മിത്ത് പറഞ്ഞു.

ഡു പ്ലെസിയ്ക്ക് പകരം ആരെന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാനാകൂ, പകരം ആരെന്നുള്ളതിന് ഉത്തരമില്ല, എന്നാല്‍ അത് ഡി കോക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാമെന്ന് ഗ്രെയിം സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകനാകുവാന്‍ പറ്റിയ ഒട്ടനവധി താരങ്ങളുണ്ട്, എന്നാല്‍ ഇതാണ് ശരിയായ താരമെന്ന തീരുമാനത്തിലേക്ക് എത്താറായിട്ടില്ലെന്ന് ഗ്രെയിം സ്മിത്ത് അഭിപ്രായപ്പെട്ടു.

ഡി കോക്ക് ടീമിന്റെ പ്രധാന ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്, അതിനാല്‍ തന്നെ ടെസ്റ്റിലും കൂടി ക്യാപ്റ്റനാക്കി താരത്തിന്റെ ജോലി ഭാരംകൂട്ടാനില്ലെന്ന് ഗ്രെയിം സ്മിത്ത് വ്യക്തമാക്കി. താരത്തിനെ സ്വതസിദ്ധമായ ശൈലിയില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനനുദവിക്കുക എന്നതാണ് ടീമിന്റെ ഇപ്പോളത്തെ ലക്ഷ്യമെന്നും സ്മിത്ത് പറഞ്ഞു.