ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന നിലയിലാണ്.

തന്റെ ശതകം അഞ്ച് റണ്‍സ് അകലെ നഷ്ടമായ ഡീന്‍ എല്‍ഗാറും 68 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 141 റണ്‍സാണ് നേടിയത്. മാര്‍ക്രത്തെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കുകായിരുന്നു. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(15) പുറത്താകുമ്പോള്‍ 200 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍.

95 റണ്‍സ് നേടിയ എല്‍ഗാറും അതേ സ്കോറില്‍ പുറത്താകുകയായിരുന്നു. എല്‍ഗാറിന്റെ വിക്കറ്റ് ദസുന്‍ ഷനകയും ഡൂസ്സെനെ ലഹിരു കുമരയുമാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെ(18) നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും(55*) ടെംബ ബാവുമയും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.

41 റണ്‍സാണ് ബാവുമ നേടിയിട്ടുള്ളത്. ലങ്കയുടെ സ്കോറിന് 79 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്.