സിംഗപ്പൂരുമൊരുമിച്ച് പ്രവര്‍ത്തിച്ച ചെറിയ സമയം ഏറെ ആസ്വാദ്യകരം, അന്താരാഷ്ട്ര ടീമുകളുടെ കോച്ചാകുവാന്‍ താല്പര്യം പ്രകടിപ്പിച്ച് ഡേവ് വാട്മോര്‍

കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറിന് ശേഷം വിട് വാങ്ങിയ ഡേവ് വാട്മോര്‍ ഇപ്പോള്‍ ബറോഡയുടെ ക്രിക്കറ്റ് ഡയറക്ടറും കോച്ചുമായി നിയമിതനായിരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് ചെറിയൊരു കാലത്തേക്ക് മുന്‍ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കയുടെ കോച്ചായിരുന്ന ഓസ്ട്രേലിയന്‍ താരം സിംഗപ്പൂരുമായി സഹകരിച്ചിരുന്നു. അവിടെ സിംഗപ്പൂരിനെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈസ്റ്റേണ്‍ റീജ്യണ്‍ കിരീടത്തിലേക്ക് നയിക്കുവാന്‍ വാട്മോറിന് സാധിച്ചിരുന്നു.

ഈ വിജയത്തിന് ശേഷമാണ് ബറോഡയുടെ ഓഫര്‍ വാട്മോര്‍ സ്വീകരിച്ചത്. സിംഗപ്പൂരിലെ തന്റെ ചെറിയ സമയം ഏറെ ആസ്വദിച്ചുവെന്നാണ് വാട്മോര്‍ പറയുന്നത്. പല തരത്തിലുള്ള ടീമുകളെ പരിശീലിപ്പിച്ച തനിക്ക് ഒരു അസോസ്സിയേറ്റ് രാജ്യത്തെ പരിശീലിപ്പിക്കുവാനുള്ള അവസരവും ലഭിച്ചുവെന്ന് വാട്മോര്‍ വ്യക്തമാക്കി. അതിന് ശേഷമാണ് ബറോഡയുടെ അവസരം ലഭിച്ചത്. മൂന്ന് വര്‍ഷം കേരളത്തിനെ പരിശീലിപ്പിച്ച ശേഷം പുതിയ ഒരു അവസരമായി ഇതിനെ കണക്കാക്കി ഇവിടെയും വിജയം കൊണ്ടുവരുവാനായി തീവ്രമായി പരിശ്രമിക്കുമെന്ന് വാട്മോര്‍ പറഞ്ഞു.

കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും വാട്മോര്‍ കണ്ടിരുന്നു. കേരളത്തിനെ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ എത്തിച്ച താരം കഴിഞ്ഞ വര്‍ഷം ടീം റെലഗേറ്റ് ആവുന്നതും കാണുവാന്‍ ഇടയായി. താന്‍ ഇനിയും അന്താരാഷ്ട്ര ടീമുകളെ പരിശീലിപ്പിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍ അത് തനിക്കും ടീമിനും ഗുണമാണെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്നും ഈ സൂപ്പര്‍ കോച്ച് വ്യക്തമാക്കി.