പരമ്പര ഓസ്ട്രേലിയയില്‍ നടത്തുവാന്‍ അവസാനവട്ട ശ്രമം നടത്തിയിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ദക്ഷിണാഫ്രിക്കയിലെ കൊറോണ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ പകരം ദക്ഷിണാഫ്രിക്കയെ നാട്ടില്‍ ആതിഥേയത്വം വഹിക്കുവാനുള്ള അവസാനവട്ട ശ്രമം തങ്ങള്‍ നടത്തിയിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലേ വ്യക്തമാക്കി.

പരമ്പര മാറ്റിവയ്ക്കുവാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ സ്ഥിതി മെച്ചപ്പെടുകയാണെന്ന തരത്തിലുള്ള പ്രസ്താവന ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പ്രഖ്യാപിച്ച് ഒരു ദിവസത്തിനുള്ളിലാണ് പരമ്പര തത്കാലം ഉപേക്ഷിക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ രണ്ടാം വരവാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ എക്സ്പേര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയില്‍ വലിയ അതൃപ്തിയും നിരാശയുമാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചത്.