അവിശ്വസനീയ വിജയം പിടിച്ചെടുത്ത് ട്രിന്‍ബാഗോ, നായകന്‍ പൊള്ളാര്‍ഡിന്റെ മികവില്‍ ഒരു പന്ത് അവശേഷിക്കെ ജയം

ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ പരാജയത്തിലേക്ക് ടീം വീഴുമെന്ന നിലയില്‍ നിന്ന് ട്രിന്‍ബാഗോയെ ആറാം വിജയത്തിലേക്ക് നയിച്ച് കീറണ്‍ പൊള്ളാര്‍ഡ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് ട്രിന്‍ബാഗോ 62/5 എന്ന നിലയില്‍ നില്‍ക്കവേ ക്രീസിലെത്തിയ പൊള്ളാര്‍ഡിന് മുന്നിലുണ്ടായിരുന്നത് 44 പന്തില്‍ നിന്ന് 87 റണ്‍സെന്ന ലക്ഷ്യമായിരുന്നു.

പിന്നീട് ഒറ്റയ്ക്ക് പോരാട്ടം നയിച്ച താരം 28 പന്തില്‍ നിന്ന് 72 റണ്‍സ് നേടി അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് വേണ്ടി ആദ്യ പന്തില്‍ സിക്സര്‍ നേടിയ പൊള്ളാര്‍ഡിന്റെ രണ്ടാം പന്തിലെ റണ്ണൗട്ട് പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതിയതെങ്കിലും നാലാം പന്ത് സിക്സര്‍ പറത്തി ഖാരി പിയറി ലക്ഷ്യം 2 പന്തില്‍ ഒരു റണ്‍സാക്കി മാറ്റി. ഒരു പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയമാണ് ടീം നേടിയത്. 32 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയ മറ്റൊരു താരം. ഖാരി പിയറി 10 റണ്‍സ് നേടി. ഇത് ടീമിന്റെ തുടര്‍ച്ചയായ ആറാം ജയമാണ്.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സ്(47), കൈല്‍ മയേഴ്സ്(42) എന്നിവര്‍ തിളങ്ങിയാണ് ടീമിനെ 148/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ആഷ്‍ലി നഴ്സ് 9 റണ്‍സും റഷീദ് ഖാന്‍ 12 റണ്‍സും നേടി. മിച്ചല്‍ സാന്റര്‍ 8 റണ്‍സുമായി പുറത്താകാതെ നിന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് അകീല്‍ ഹൊസൈന്‍, ജൈഡന്‍ സീല്‍സ്, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.