ഗെയിലിന് സുഹൃത്തിനെ കോച്ചാക്കണമെന്നുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സര്‍വന്‍

താനാണ് ഗെയിലിന്റെ ജമൈക്ക തല്ലാവാസില്‍ നിന്നുള്ള പുറത്താകലെന്ന് പറഞ്ഞ ക്രിസ് ഗെയിലിന്റെ വാദങ്ങളെ തള്ളിയെത്തിയ സര്‍വന്‍ വെളിപ്പെടുത്തുന്നത് പ്രകാരം ജമൈക്കയുടെ മുഖ്യ കോച്ചായി ഗെയിലിന് സുഹൃത്ത് ഡൊണോവന്‍ മില്ലറെ കൊണ്ടുവരുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. ജമൈക്കന്‍ ആയ ഡൊണോവന് ജമൈക്കന്‍ കളിക്കാരുടെ സംസ്കാരം മനസ്സിലാകുമെന്നായിരുന്നു ഗെയിലിന്റെ വാദമെന്നും സര്‍വന്‍ വ്യക്തമാക്കി.

2019ല്‍ തന്നെ മുഖ്യ കോച്ചായി നിയമിച്ചതിന് ശേഷം ഗെയിലിനോട് ടീമിനെക്കുറിച്ച് സംസാരിക്കുവാന്‍ ബന്ധപ്പെട്ടപ്പോളാണ് ഈ ആവശ്യം ഗെയില്‍ ഉന്നയിച്ചത്. താന്‍ അത് ടീം മാനേജ്മെന്റിനോടും സിഇഒയോടും അറിയിച്ചുവെന്നും താന്‍ ഡൊണോവന്‍ മില്ലര്‍ക്ക് വേണ്ടി മാറുവാന്‍ തയ്യാറാണെന്ന് അവരെ അറിയിക്കുകയും ചെയ്തിരുന്നു.

ഗെയില്‍ ശക്തമായി ഡൊണോവന്‍ മികച്ച കോച്ചാണെന്ന് വിശ്വസിക്കുന്നു എന്നത് ആണ് കാരണമായി താന്‍ പറഞ്ഞത്. ഇതൊക്കെ അറിയാവുന്ന ഗെയിലാണ് തന്നോട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സര്‍വന്‍ പറഞ്ഞു. 2018 മുതല്‍ താന്‍ ജമൈക്കയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

ആദ്യം തന്നെ കളിക്കാരനായാണ് അവര്‍ സമീപിച്ചത്. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നു. യുവ താരങ്ങള്‍ക്കാണ് അവസരം വേണ്ടതെന്ന് താന്‍ പറഞ്ഞുവെന്നും സര്‍വന്‍ വ്യക്തമാക്കി. പിന്നീട് അവര്‍ തനിക്ക് മുഖ്യ കോച്ചിന്റെ സ്ഥാനം തന്നപ്പോള്‍ ടീമിനൊപ്പമുള്ള മാര്‍ക്ക് ഒഡോണലിനാണ് അത് നല്‍കേണ്ടതെന്നും താന്‍ ഉപ പരിശീലകന്റെ റോള്‍ ഏറ്റെടുത്തുവെന്നും സര്‍വന്‍ വ്യക്തമാക്കി.