CPL

ആവേശ പോരില്‍ വിജയം പാട്രിയറ്റ്സിന്, ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാര്‍ബഡോസ് ട്രിഡന്റ്സ് നല്‍കിയ 152 റണ്‍സ് ലക്ഷ്യം 3 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറിടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. എവിന്‍ ലൂയിസ് നേടിയ 89 റണ്‍സിനൊപ്പം 11 പന്തില്‍ 22 റണ്‍സ് നേടിയ ബെന്‍ ഡങ്കും 20 റണ്‍സ് നേടിയ ദിനേഷ് രാംദിനുമാണ് പാട്രിയറ്റ്സിന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിക്കൊടുത്തത്.

അവസാന മൂന്നോവറില്‍ പാട്രിയറ്റ്സിന്റെ ലക്ഷ്യം 31 റണ്‍സായിരുന്നു. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു ടീമിന്റെ പ്രതീക്ഷ. 18ാം ഓവറില്‍ എവിന്‍ ലൂയിസ് ഒരു സിക്സ് നേടിയെങ്കിലും ബെന്‍ ഡങ്കിന് കാര്യമായ പിന്തുണ മറുവശത്ത് നിന്ന് നല്‍കാനാകാതെ പോയപ്പോള്‍ ആ ഓവറില്‍ 9 റണ്‍സേ ടീമിന് നേടാനായുള്ളു.

അവസാന രണ്ടോവറില്‍ ലക്ഷ്യം 22 ആയിരുന്നു. എവിന്‍ ലൂയിസ് ക്രീസില്‍ നില്‍ക്കവെ ലക്ഷ്യം അപ്രാപ്യമല്ലായിരുന്നു. എന്നാല്‍ ഓവറിന്റെ മൂന്നാം പന്തില്‍ കൈല്‍ മയേഴ്സ് എവിന്‍ ലൂയിസിനെ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് ക്യാമ്പില്‍ നിരാശ പടര്‍ന്നു. 60 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം. നേരത്തെ രാംദിനെ പുറത്താക്കിയ മയേഴ്സ് നേടിയ രണ്ടാമത്തെ വലിയ വിക്കറ്റായിരുന്നു ഇത്. ഓവറിലെ അവസാന മൂന്ന് പന്തില്‍ നിന്ന് 7 റണ്‍സ് നേടി ബെന്‍ ഡങ്ക് ലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സാക്കി മാറ്റി.

നയീം യംഗ് എറിഞ്ഞ അവസാന ഓവറില്‍ ബെന്‍ ഡങ്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി ലക്ഷ്യം നാല് പന്തില്‍ ആറെന്ന നിലയിലേക്ക് ആക്കിയ ബെന്‍ ഡങ്ക് അടുത്ത പന്തും സിക്സര്‍ പറത്തി വിജയം കൈപ്പിടിയലൊതുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 7 വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സ് നേടിയത്. ടീമിനായി 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ കോറെ ആന്‍ഡേഴ്സണെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും ലഭിച്ച തുടക്കം 30ന് മേലെക്ക് കൊണ്ടു പോകാനായില്ല. ജോണ്‍സണ്‍ ചാള്‍സ്(24), ഷായി ഹോപ്(29), കൈല്‍ മയേഴ്സ്(22),ആഷ്‍ലി നഴ്സ്(25) എന്നിവരെല്ലാം റണ്‍സ് കണ്ടെത്തിയെങ്കിലും അധിക നേരം ക്രീസില്‍ ആര്‍ക്കും ചെലവഴിക്കാനായില്ല.

ജോണ്‍-റസ്സ് ജാഗ്ഗേസര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. തന്‍വീര്‍, അല്‍സാരി ജോസഫ്, റയാദ് എമ്രിറ്റ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.