CPL

ജയം തുടര്‍ന്ന് പാട്രിയറ്റ്സ്, തല്ലാവാസിനെയും കീഴടക്കി മുന്നോട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫാബിയന്‍ അല്ലെന്‍ തീപാറും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ തുടക്കം പതറിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് മികച്ച സ്കോറിലേക്ക് എത്തുകയും പിന്നീട് ജമൈക്ക തല്ലാവാസിനെതിരെ 20 റണ്‍സ് വിജയം കരസ്ഥമാക്കുന്ന കാഴ്ചയുമാണ് കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കണ്ടത്. 82/6 എന്ന നിലയിലേക്ക് 12.1 ഓവറില്‍ തകര്‍ന്ന പാട്രിയറ്റ്സിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഫാബിയന്‍ അല്ലെന്‍-കെറോണ്‍ കോട്ടോയ് എന്നിവര്‍ ചേര്‍ന്നാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിലേക്ക് നയിച്ചത്.

ഫാബിയന്‍ അല്ലെന്‍ 27 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയപ്പോള്‍ കെറോണ്‍ 27 റണ്‍സ് നേടി ഫാബിയനൊപ്പം പുറത്താകാതെ നിന്നു. 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. മുഹമ്മദ് ഹഫീസ് ആണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഹഫീസ് 37 റണ്‍സ് നേടിയപ്പോള്‍ ലോറി ഇവാന്‍സ് 21 റണ്‍സ് നേടി. മറ്റൊരു താരവും രണ്ടക്ക സ്കോറിലേക്ക് എത്തിയില്ല.

മറുപടി ബാറ്റിംഗില്‍ ഗ്ലെന്‍ ഫിലിപ്പ്സ് 87 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനം പുറത്തെടുത്തുവെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് ചേസിംഗിന്റെ വേഗത നഷ്ടമാക്കി. ആറാം വിക്കറ്റായി താരം വീണ ശേഷം 19.5 ഓവറില്‍ ജമൈക്ക ഓള്‍ ഔട്ട് ആവുകയായിരുന്നു. 49 പന്തില്‍ നിന്ന് 87 റണ്‍സാണ് ഫിലിപ്പ്സിന്റെ സ്കോര്‍. ഷമാര്‍ സ്പ്രിംഗര്‍ 30 റണ്‍സും ഇമ്രാന്‍ ഖാന്‍ 20 റണ്‍സും നേടിയപ്പോള്‍ പാട്രിയറ്റ്സിന് വേണ്ടി ഷെല്‍ഡണ്‍ കോട്രെല്‍, റയാദ് എമ്രിറ്റ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി.

ജയത്തോടെ എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പാട്രിയറ്റ്സ് എത്തി.