പുതിയ ക്യാപ്റ്റനെത്തിയപ്പോള്‍ ആദ്യ ജയം സ്വന്തമാക്കി തല്ലാവാസ്

- Advertisement -

ചാഡ്വിക് വാള്‍ട്ടണ്‍ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വന്നപ്പോള്‍ വിജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 4 വിക്കറ്റ് വിജയമാണ് ജമൈക്ക തല്ലാവാസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 18.3 ഓവറില്‍ 145 റണ്‍സ് നേടിയ തല്ലാവാസിന് 6 വിക്കറ്റാണ് നഷ്ടമായത്.

ട്രിഡന്റ്സ് നിരയില്‍ 37 റണ്‍സ് നേടിയ ആഷ്‍ലി നഴ്സും 31 റണ്‍സ് നേടിയ ജെപി ഡുമിനിയും മാത്രമാണ് ബാറ്റിംഗില്‍ റണ്‍സ് കണ്ടെത്തിയത്. സഹീര്‍ ഖാന്‍ മൂന്നും ജോര്‍ജ്ജ് വര്‍ക്കര്‍, റമാല്‍ ലൂയിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തല്ലാവാസ് ബൗളര്‍മാരില്‍ മികച്ച് നിന്നു.

51 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ചാഡ്വിക് വാള്‍ട്ടണ്‍ തല്ലാവാസിന്റെ ടോപ് സ്കറര്‍ ആയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ്(28), ജാവെല്ലേ ഗ്ലെന്‍(27) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ക്രിസ് ഗെയില്‍ 22 റണ്‍സ് നേടി പുറത്തായി. ട്രിഡന്റ്സിന് വേണ്ടി ഹെയ്ഡന്‍ വാല്‍ഷും ജേസണ്‍ ഹോള്‍ഡറും രണ്ട് വീതം വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങളില്‍ തല്ലാവാസിന്റെ ആദ്യ ജയം ആണിത്.

Advertisement