പുറത്താകാതെ ഫ്ലെച്ചറും കീറണ്‍ പൊള്ളാര്‍ഡും, സ്റ്റാര്‍സിനു ജയം

കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടും ആന്‍ഡ്രേ ഫ്ലെച്ചറിന്റെ ഇന്നിംഗ്സും സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ സാധ്യതകളെ സജീവമാക്കി നിര്‍ത്തി. 18 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും നേടി കീറണ്‍ പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സാണ് ഗയാനയുടെ സ്കോര്‍ 18.1 ഓവറില്‍ മറികടക്കുവാന്‍ സ്റ്റാര്‍സിനെ സഹായിച്ചത്. ഒപ്പം ആന്‍ഡ്രേ ഫ്ലെച്ചര്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നു. വീരസാമി പെരുമാള്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ ‍വാരിയേഴ്സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളു. 9 പന്തില്‍ 24 റണ്‍സ് നേടിയ ലൂക്ക് റോഞ്ചിയുടെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ആമസോണ്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. കാമറൂണ്‍ ഡെല്‍പോര്‍ട്ട് 25 റണ്‍സും സൊഹൈല്‍ തന്‍വീര്‍(19), റയാദ് എമ്രിറ്റ്(17) എന്നിവരുടെ ബാറ്റിംഗ് പ്രകടനവുമാണ് ഗയാനയെ 140 റണ്‍സിലേക്ക് എത്തിച്ചത്.

കെസ്രിക് വില്യംസ്, ഒബേദ് മക്ക്കോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മക്ലെനാഗന്‍, റഖീം കോണ്‍വാല്‍, കൈസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.