ഏകദിന ബൗളര്‍മാരില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന് ക്രിസ് വോക്സ്, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന റാങ്കിംഗിലേക്ക് എത്തി ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സ്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിനെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയുടെ ജോഷ് ഹാസല്‍വുഡ് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ പത്ത് സ്ഥാനത്തിലേക്ക് എത്തിയിട്ടുണ്ട്. നിലവില്‍ എട്ടാം സ്ഥാനത്താണ് ജോഷ് ഹാസല്‍വുഡ്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ 18 സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ട്.

ഇത് കൂടാതെ ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 281 റേറ്റിംഗ് പോയിന്റുമായി ക്രിസ് വോക്സ് രണ്ടാം സ്ഥാനത്ത് എത്തി. 301 പോയിന്റുള്ള അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയ്ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ഇമാദ് വസീം വോക്സിന്റെ സഹതാരം ബെന്‍ സ്റ്റോക്സ് എന്നിവരെയാണ് താരം മറികടന്നിരിക്കുന്നത്.