ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ റദ്ദാക്കുവാന്‍ ഒരുങ്ങി ചാനല്‍ സെവന്‍

- Advertisement -

ഓസ്ട്രേലിയന്‍ സമ്മര്‍ ഷെഡ്യൂളിലെ അവ്യക്തതയെ തുടര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ റദ്ദാക്കുവാന്‍ ഒരുങ്ങി ചാനല്‍ സെവന്‍. 450 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിനുള്ള കരാറിലെ അടുത്ത ഗഡുവായ 25 മില്യണിന്റെ അടവ് അടുത്ത ആഴ്ച വരാനിരിക്കെയാണ് ഈ നീക്കം.

ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ചാനല്‍ സെവന്‍ ഇത് സംബന്ധിച്ച നിയമ നോട്ടീസ് അയയ്ച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഷെഡ്യൂള്‍ പ്രഖ്യാപിക്കാതെ കരാറിന്റെ ലംഘനം ആണ് ബോര്‍ഡ് നടത്തിയതെന്നാണ് ചാനലിന്റെ വാദം. കൊറോണയുടെ കാഠിന്യം ഉണ്ടെങ്കിലും സീസണ്‍ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുവാന്‍ ബോര്‍ഡിന് സാധിക്കുമെന്നാണ് അവര്‍ പറയുന്നതെങ്കിലും ബിഗ് ബാഷ് ഉള്‍പ്പെടെയുള്ള ലീഗുകളില്‍ ഓസ്ട്രേലിയന്‍ ദേശീയ ടീമുകളിലെ താരങ്ങളും വിദേശ താരങ്ങളുമെല്ലാം അവരുടെ അന്താരാഷ്ട്ര ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ബയോ ബബിളിനുള്ളിലായിരിക്കുമെന്നതിനാല്‍ തന്നെ ഈ മത്സരങ്ങളെല്ലാം എത്രമാത്രം വിജയമാകുമെന്നതില്‍ വ്യക്തതയില്ലെന്നാണ് ചാനല്‍ പറയുന്നത്.

ഐപിഎല്‍ പുനഃക്രമീകരിച്ചതോടെ ഓസ്ട്രേലിയന്‍ സമ്മര്‍ ഷെഡ്യൂളിലും മാറ്റം വന്നിട്ടുണ്ടെന്നും ഇതുമെല്ലാം ചാനലില്‍ സംപ്രേക്ഷണം നടത്തേണ്ട മത്സരങ്ങളുടെ ക്രമത്തില്‍ മാറ്റം വരുത്തുന്നുവെന്നാണ് ചാനല്‍ അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് ഓസ്ട്രേലിയ ചാനലുമായി വിഷയത്തില്‍ സംസാരിച്ച് അനുയോജ്യമായ തീരുമാനത്തിലേക്ക് എത്തുവാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോളുമുള്ളതെന്നാണ് ബോര്‍ഡ് വക്താവ് അറിയിച്ചത്.

Advertisement