ക്യാപ്റ്റന്‍സിലെ മാറ്റം ലോകകപ്പ് പ്രകടനത്തെ ബാധിച്ചു

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ നടന്ന ക്യാപ്റ്റന്‍സി മാറ്റമാണ് ടീമിന്റെ ലോകകപ്പ് സാധ്യതയെ ബാധിച്ചതെന്ന് പറഞ്ഞ് മുഹമ്മദ് നബി. ബോര്‍ഡിന്റെ ആ തീരുമാനത്തെ താരം വിമര്‍ശിക്കുകയും ചെയ്തു. ലോകകപ്പിന് തൊട്ട് മുമ്പാണ് അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നൈബിനെ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റനാക്കി തീരുമാനിച്ചത്. അന്ന് ആ തീരുമാനത്തെ സീനിയര്‍ താരങ്ങളെല്ലാം എതിര്‍ത്തുവെങ്കിലും ബോര്‍ഡ് ചെവികൊണ്ടില്ല. പിന്നീട് ലോകകപ്പില്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ അഫ്ഗാനിസ്ഥാന്‍ മടങ്ങിയ ശേഷം ഗുല്‍ബാദിന്‍ നൈബിനെ പുറത്താക്കി റഷീദ് ഖാനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കി തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റനെ മാറ്റിയ ശേഷം ടീമെന്ന നിലയില്‍ അഫ്ഗാനിസ്ഥാന് കളിക്കാനായില്ലെന്ന് നബി പറഞ്ഞു. നൈബ് തന്റെ കരിയറില്‍ ഇതുവരെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്തിരുന്നില്ലെന്നും അത് തങ്ങളുടെ ലോകകപ്പിലെ പ്രകടനത്തെ ബാധിച്ചുവെന്നും നബി പറഞ്ഞു. പാക്കിസ്ഥാന്‍, വിന്‍ഡീസ്, ഇന്ത്യ എന്നിവര്‍ക്കെതിരെ മികച്ച മത്സരം പുറത്തെടുത്തുവെങ്കിലും ടീം പരാജയപ്പെടുകയായിരുന്നുവെന്നും നബി പറഞ്ഞു.

ടീം കോമ്പിനേഷനുകളാണ് പ്രധാനമെന്നും ലോകകപ്പിന് മുമ്പ് ബോര്‍ഡ് അംഗങ്ങള്‍ ക്യാപ്റ്റനെ മാറ്റിയത് ടീമിന്റെ താളം തെറ്റിച്ചുവെന്നും കോമ്പിനേഷനുകള്‍ ഒന്നും ലോകകപ്പില്‍ വേണ്ടത്ര രീതിയില്‍ ഫലം കണ്ടില്ലെന്നും നബി പറഞ്ഞു. റഷീദ് ഖാന് ടീമിനെ നയിക്കുവാനുള്ള കഴിവുണ്ടെന്നും അത് പോലെ തന്നെ താനും അസ്ഗര്‍ അഫ്ഗാനും റഷീദിനെ പിന്തുണയ്ക്കുവാനുണ്ടെന്നും നബി വ്യക്തമാക്കി.